nellay-kannan-modi

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ റാലിയിൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരെ മുതിർന്ന കോൺഗ്രസ് നേതാവും പണ്ഡിതനുമായ നെല്ലായ് കണ്ണൻ നടത്തിയ പ്രസംഗത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) തമിഴ്‌നാട് യൂണിറ്റ് പ്രതിഷേധം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൊല്ലാൻ നെല്ലായ് കണ്ണൻ ന്യൂനപക്ഷങ്ങളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒഫ് ഇന്ത്യ (എസ്.ഡി.പി.ഐ) ഞായറാഴ്ച തിരുനെൽവേലിയിൽ സംഘടിപ്പിച്ച യോഗത്തിൽവെച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം.

'അമിത്ഷാ എന്നൊരു മനുഷ്യനുണ്ട്. പ്രധാനമന്ത്രിയുടെ തലച്ചോറാണയാൾ. അമിത് ഷാ തീർന്നാൽ പിന്നെ മോദിയില്ല. മുസ്ലീങ്ങൾ ചെറുതായെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ നിങ്ങളാരും അത് ചെയ്യുന്നില്ല'- എന്നായിരുന്നു നെല്ലായ് കണ്ണൻ പറഞ്ഞത്. എസ്.ഡി.പി.ഐ നടത്തിയ റാലിയിൽ മുസ്ലീം പോപുലർ ഫ്രണ്ടും തമിഴക വാഴ്‌വുരിമായ് കാച്ചി ലീഡർ ടി.വേൽമുരുകനും പങ്കെടുത്തിരുന്നു.

വിവാദ പ്രസംഗത്തിന് ഒരു ദിവസത്തിന് ശേഷം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ ആവശ്യപ്പെട്ടിരുന്നു.' തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും അവസാനിപ്പിക്കാൻ നെല്ലായ് കണ്ണൻ മുസ്ലീങ്ങളെ പ്രേരിപ്പിച്ചു. വാട്ട്‌സ്ആപ്പ് വഴിയും ഓൺലൈനിലുടെയും ഞാൻ തമിഴ്‌നാട് പൊലീസ് ഡയറക്ടർ ജനറലിന് പരാതി നൽകിയിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കാൻ ഞാൻ ടി.എൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു” എന്നായിരുന്നു എച്ച് രാജയുടെ ട്വീറ്റ്.

പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തെറ്റു ചൂണ്ടിക്കാണിക്കുന്നതിന് പകരം മാദ്ധ്യമങ്ങളും പാർട്ടികളും കണ്ണന്റെ പരാമർശങ്ങളെ അനുകൂലിക്കുകയാണ് ചെയ്യുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു.