ajayante-randam-moshanam-

ആരാധകർക്ക് പുതുവർഷ സമ്മാനമായി തന്റെ പുതിയ ചിത്രമായ 'അജയന്റെ രണ്ടാം മോഷണത്തിന്റെ' അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി ടൊവിനോ തോമസ്. ഫേസ്ബുക്ക് പേജിലൂടെയാണ് താരം പോസ്റ്റർ പുറത്തിറക്കിയത്. എന്ന് നിന്റെ മൊയ്‌തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ച ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധായകൻ.

ആദ്യമായി ടൊവിനോ തോമസ് ട്രിപ്പിൾ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും അ‌ജയന്റെ രണ്ടാം മോഷണത്തിനുണ്ട്. മൂന്ന് കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കളരിക്ക് പ്രധാന്യം നൽകുന്ന രീതിയിലാണ് സിനിമ ഒരുക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരവും സമൃദ്ധവുമായ പുതുവത്സരാശംസകൾ ... !! വളരെയധികം സന്തോഷത്തോടും ആവേശത്തോടും കൂടി, എന്റെ പുതിയ സിനിമാ പോസ്റ്റർ നിങ്ങളുമായി പങ്കുവയ്ക്കുന്നു. “അജയന്റെ രണ്ടാം മോഷണം“ എന്റെ സിനിമാ ജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറാൻ പോകുന്ന ചിത്രമാണിത്. ഈ സിനിമയിൽ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലെ, മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ഞാൻ അവതരിപ്പിക്കുന്നത്.

ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്റെ പ്രിയ സുഹൃത്ത് ജിതിൻ ലാൽ ആണ്. അദ്ദേഹം എന്നു നിന്റെ മൊയ്തീൻ മുതൽ കൽക്കി വരെ എന്നോടൊപ്പം ഉണ്ടായിരുന്ന ഒരു യുവ പ്രതിഭയാണ്. വടക്കൻ കേരളത്തിൽ ചിത്രീകരിക്കാനിരിക്കുന്ന ഈ സിനിമയുടെ കഥയും തിരക്കഥയുമൊരുക്കുന്നത് സുജിത് നമ്പ്യാരാണ്. യു.ജി.എം എന്റർടൈൻമെന്റ് ആണ് നിർമാണം. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് തമിഴിൽ 'കന' പോലുള്ള ഒരുപിടി ഹിറ്റ്‌ ചിത്രങ്ങൾക്ക് സംഗീത സംവിധാനമൊരുക്കിയ ദിബു നൈനാൻ തോമസാണ്