തിരുവനന്തപുരം: കവിയൂരിലെ കൂട്ടമരണകേസ് ആത്മഹത്യയാണെന്ന സി.ബിഐയുടെ നാലാമത്തെ റിപ്പോർട്ടും കോടതി തള്ളി. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് നടപടി. കേസിൽ തുടരന്വേഷണം നടത്തണമെന്ന് കോടതി സി.ബി.ഐക്ക് നിർദ്ദേശം നൽകി. മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാണിച്ച് നാലാമത്തെ റിപ്പോർട്ടാണ് സി.ബി.ഐ കോടതിയിൽ സമർപ്പിക്കുന്നത്.
2004 സെപ്തംബർ 28നാണ് കവിയൂരിൽ ഒരു ക്ഷേത്രപൂജാരിയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. മരിച്ചതിൽ ഒരു പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നു. മകൾ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമമാണ് കുടംബത്തിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്.
മാത്രമല്ല, കിളിരൂർ കേസിലെ മുഖ്യപ്രതി ലതാ നായർക്ക് താമസസൗകര്യം നൽകിയത് പുറംലോകം അറിഞ്ഞതിലുള്ള അപവാദം ഭയന്നാണ് ആത്മഹത്യയെന്നും സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് തള്ളണണെന്നാവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് വാദം പൂർത്തിയായത്. എന്നാൽ, ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താൻ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. പെൺകുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് സി.ബി.ഐയുടെ ആദ്യ മൂന്ന് റിപോർട്ടുകളിൽ പറഞ്ഞിരുന്നത്. എന്നാൽ, അച്ഛൻ പീഡിപ്പിച്ചതിന് തെളിവില്ലെന്നായിരുന്നു നാലാമെത്ത റിപ്പോർട്ട്. സി.ബി.ഐയുടെ റിപ്പോർട്ട് വസ്തുതാവിരുദ്ധമെന്നാണ് ബന്ധുക്കളുടെ ഹർജി.