gold

വീട്ടിൽ സ്വർണം വച്ചിട്ട് നാട്ടിൽ കാശിനായി തേടേണ്ടതുണ്ടോ എന്ന സ്വർണപണയ സ്ഥാപനത്തിന്റെ പരസ്യം പോലെയാണ് സ്വർണത്തിൽ നിക്ഷേപിക്കാൻ ജനം താത്പര്യപ്പെടുന്നത്. സ്വർണത്തെ ആഭരണത്തിന് അപ്പുറമായി നിക്ഷേപമായി കാണുവാനാണ് ജനം താത്പര്യപ്പെടുന്നത്. ലോകവ്യാപകമായി വിപണികളിലെ ചാഞ്ചാട്ടവും, ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിലനിൽക്കുന്ന മാന്ദ്യവുമെല്ലാം സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. 2019 കടന്നു പോകുമ്പോൾ സ്വർ‌ണവില റെക്കാഡ് മുന്നേറ്റം കാഴ്ചവച്ച വർഷമായിരുന്നു.

2019ൽ മാത്രം സ്വർണത്തിന് 5640 രൂപയോളം വർദ്ധിച്ചു. കഴിഞ്ഞ 20 വർഷം എടുത്തു പരിശോധിച്ചാൽ ഇത്രയും വർദ്ധന മറ്റൊരു വർഷത്തിലും കാണാൻ സാധിച്ചിട്ടില്ല. 2018ഡിസംബർ 31ന് സ്വർണവില 23,​ 440 രൂപയായിരുന്നെങ്കിൽ കഴിഞ്ഞ ദിവസം ( 2019 ഡിസംബർ 31)​ അത് 29,​080 രൂപയിൽ എത്തി നിൽക്കുന്നു. അതായത് ഒരു വർഷത്തിനിടെയിൽ കൂടിയത് 24 ശതമാനത്തോളം.

വില ഇത്രയധികം വർദ്ധിച്ചിട്ടും സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരിൽ കാര്യമായ കുറവുണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ രണ്ട് ദശാബ്ദം മുമ്പ് സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ഇപ്പോൾ മിന്നുന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. 2000ത്തിന്റെ ആരംഭത്തിൽ സ്വർണവില ഗ്രാമിന് 550രൂപയും പവന് 4,400 രൂപയുമായിരുന്നു. അന്നത്തെ വിലയും ഇന്നത്തെ വിലയും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ 560 ശതമാനമാണ് ഉയർന്നത്. അതായത് ഗ്രാമിന് 3085 രൂപയും പവന് 24,680 രൂപയുടെയും വർദ്ധന.

അതേസമയം, സ്വർണത്തിൽ വൻ നിക്ഷേപം നടത്തിയിട്ടുള്ളവർ ലാഭം എടുക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ താൽകാലികമായ ഒരു വിലക്കുറവ് അനുഭവപ്പെടാം. എന്നാലും 2020ൽ വില ഉയരാനുള്ള എല്ലാ സാദ്ധ്യകളും വിപണിയിലുണ്ടെന്ന് ആൾ ഇന്ത്യ ജെം ആൻഡ് ജുവലറി ആഭ്യന്തര കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ.എസ് അബ്ദുൾ നാസർ പറഞ്ഞു.

ഉയർന്ന വിലയും അതോടൊപ്പം സാമ്പത്തിക മാന്ദ്യവും സ്വർണം വാങ്ങലിനെ ബാധിച്ച വർഷം കൂടിയാണു കടന്നുപോകുന്നത്. ആഭ്യന്തര വിപണികളിൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഡിമാൻഡിനു നേരിയ ഇടിവുണ്ടായെങ്കിലും ഇടിഎഫ് നിക്ഷേപം ഉയർന്നു. കേന്ദ്രബാങ്കുകളും സ്വർണം വാങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ 14 കേന്ദ്രബാങ്കുകൾ ഒരു ടണ്ണിലേറെ സ്വർണം കഴിഞ്ഞ വർഷം കരുതൽ ശേഖരത്തിലേക്കു മാറ്റിയിട്ടുമുണ്ട്. വില ഉയർന്നതോടെ സ്വർണ കള്ളക്കടത്തും ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്‌.