ക്യാപ്റ്റൻ,ഒരു കുപ്രസിദ്ധ പയ്യൻ,രാമന്റെ ഏദൻ തോട്ടം,എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അനു സിത്താര. ചരിത്ര സിനിമയുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ് അനു സിത്താരയിപ്പോൾ. മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷവും ഇതുവരെ ചെയ്യാത്ത ചരിത്ര കഥാപാത്രം ചെയ്യാൻ സാധിച്ചതിന്റെ സംതൃപ്തിയിലുമാണ് താരമിപ്പോൾ.
മാമാങ്കത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ മാണിക്യം എന്ന വേഷമാണ് അനു സിത്താര അവതരിപ്പിച്ചത്. സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് താരം.
'മാണിക്യം എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കുറച്ചേയുള്ളുവെങ്കിലും ഇമോഷണലായി ചെയ്യാൻ കുറച്ചുണ്ട്. പഴയകാലത്ത് ചാവേറായി പോകുന്ന ആളുടെ ഭാര്യമാരുടെ അവസ്ഥ എന്തായിരിക്കുമെന്നതാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കരുടെ ഭാര്യാ വേഷമാണ്. ചാവേറായി ഭർത്താക്കന്മാർ പോകുമ്പോൾ ഭാര്യമാർ കരയാൻ പാടില്ല. ഉള്ളിലെ വേദന പുറമേ കാട്ടാതെ പിടിച്ച് നിൽക്കണം. പൊതുവെ വളരെപ്പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലുള്ളയാളാണ് ഞാൻ. സത്യത്തിൽ എനിക്കത് അവതരിപ്പിക്കാൻ കുറച്ച് പ്രയാസമായിരുന്നു'-അനു സിത്താര പറഞ്ഞു.