1. പാകിസ്ഥാന് മുന്നറിയിപ്പുമായി ജനറല്‍ മനോജ് മുകുന്ദ് നരവനെ. തീവ്രവാദ പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നത് നിറുത്തിയില്ലെങ്കില്‍ പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങളില്‍ മുന്‍കരുതലെന്ന നിലയില്‍ ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് പ്രഖ്യാപനം. അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയുന്നതിനെ ശക്തമായ തിരിച്ചടിക്കായി തന്ത്രങ്ങള്‍ തയ്യാറായിട്ടുണ്ട്. ചൈനയും ആയുള്ള അതിര്‍ത്തിയിലും സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ജനറല്‍ ബിപിന്‍ റാവത്ത് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ആണ് ഇതുവരെ കരസേനയുടെ ഉപ മേധാവിയായിരുന്ന ജനറല്‍ നരവനയെ കരസേനാ മേധാവിയായി നിയമിച്ചത്.
2. രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവി ആയി ജനറല്‍ ബിപിന്‍ റാവത്തും ഇന്ന് ചുമതലയേറ്റു. ചുമതല ഏല്‍ക്കുന്നതിന് മുമ്പ് ജനറല്‍ റാവത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ദേശീയ യുദ്ധ സ്മാരകത്തില്‍ എത്തി അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൂന്ന് സേനാ വിഭാഗങ്ങളെയും ഏകീകൃതമായി പ്രവര്‍ത്തിക്കുന്നതിന് തങ്ങള്‍ ഒരു സംഘമായി പ്രവര്‍ത്തിക്കും ജനറല്‍ റാവത്ത് ചുമതലയേറ്റ ശേഷം പറഞ്ഞു. തങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് വളരെ അകലെയാണ്. അധികാരത്തില്‍ ഇരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി തങ്ങള്‍ പ്രവര്‍ത്തിക്കണം. സായുധ സേനയെ രാഷ്ട്രീയ വത്ക്കരിക്കുന്നു എന്ന ആരോപണം തെറ്റെന്നും ജനറല്‍ റാവത്ത്
3. അതിനിടെ, കാശ്മീരില്‍ ഭീകരരും ആയുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നവ്‌ശേര മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നതിന് ഇടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. മേഖലയില്‍ സൈനിക നടപടി തുടരുന്നു
4. ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ ഇടപെട്ട് നിയമ നിര്‍മ്മാണം നടത്താന്‍ മന്ത്രിസഭാ തീരുമാനം. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നത് സംബന്ധിച്ചാണ് നിയമ നിര്‍മ്മാണം നടത്തുക. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് തടസ്സം ആകരുത് എന്നതാണ് നിയമം
5. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ സംസ്‌ക്കരിക്കാന്‍ അനുവാദം ഉണ്ടാകും. പ്രാര്‍ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്തണം. മൃതദേഹം വച്ച് തര്‍ക്കിക്കുന്നതും വിലപേശുന്നതും ശരിയല്ലെന്ന വിലയിരുത്തല്‍ ആണ് സര്‍ക്കാരിനുള്ളത്. ഇത് കുടുംബങ്ങള്‍ക്കും സമൂഹത്തിനും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന സംഭവങ്ങളല്ല ഉണ്ടാകുന്നത് എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആണ് നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.
6. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് നിര്‍ത്തലാക്കിയ മൊബൈല്‍- എസ്.എം.എസ് സേവനം അഞ്ചു മാസത്തിന് ശേഷം പുനസ്ഥാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റര്‍നെറ്റ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ എസ്.എം.എസ് സേവനം പൂര്‍ണ്ണമായും പുന:സ്ഥാപിച്ചതിന് ഒപ്പം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും ഇന്റര്‍നെറ്റ് പുന സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ജമ്മു കാശ്മീര്‍ ഭരണകൂടം. അതേസമയം കശ്മീരിലെ ഇന്റര്‍നെറ്റ്, പ്രീപെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ഇനിയും പുന സ്ഥാപിച്ചിട്ടില്ല
7. ഒരു ജനാധിപത്യ രാജ്യത്തിലെ ഏറ്റവും ദൈര്‍ഘ്യം ഏറിയ ഇന്റര്‍നെറ്റ് റദ്ദാക്കലിനാണ് കാശ്മീര്‍ സാക്ഷ്യം വഹിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് 5 മുതല്‍ തടങ്കലില്‍ കഴിയുന്ന അഞ്ച് രാഷ്ട്രീയ നേതാക്കളെ ശ്രീനഗറിലെ എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് തിങ്കളാഴ്ച വിട്ടയച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും തടങ്കലിലാണ്. ക്രമസമാധാന സാഹചര്യം അടിസ്ഥാനം ആക്കിയായിരിക്കും ഇവരെ മോചിപ്പിക്കുന്നത് എന്ന് ഭരണകൂട വക്താവ് വ്യക്തമാക്കി
8. പ്ലാസ്റ്റിക് മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെ ഇന്ന് മുതല്‍ ഉപേക്ഷിച്ച് കേരളം. പ്ലാസ്റ്റിക് നിര്‍മാണവും വില്പനയും ഉപയോഗവും നിരോധിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന പ്ലാസ്റ്റിക് ഇന്ന് മുതല്‍ നിരോധിക്കപ്പെട്ട ഉത്പന്നമാണ്. പ്ലാസ്റ്റിക് സംസ്‌കരിക്കാന്‍ ഇനി സര്‍ക്കാര്‍ സംവിധാനം ഉണ്ടാകില്ല. പൊതുസ്ഥലത്ത് വലിച്ച് എറിഞ്ഞാല്‍ ഒടുക്കേണ്ടി വരിക കടുത്ത പിഴ ആയിരിക്കും. ആദ്യതവണ 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 20,000 രൂപയും തുടര്‍ന്നാല്‍ 50,000 രൂപയും പിഴ ഈടാക്കും. നിരോധനം ഏര്‍പ്പെടുത്തുക, ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക്. പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്നങ്ങളും കണക്കില്‍ എടുത്താണ് ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നരോധനം ഏര്‍പ്പെടുത്തുന്നത്.
9. പ്ലാസ്റ്റിക് വില്‍പ്പനയും നിര്‍മാണവും സൂക്ഷിക്കലും നരോധിക്കും. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഒക്കെ നിരോധനം ബാധകമാണ്. എന്നാല്‍, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍ക്കും വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍ക്കും പാല്‍ക്കവറിനും നിരോധനം ബാധകമല്ല. മുന്‍കൂട്ടി അളന്ന് വച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പാക്കറ്റുകള്‍ എന്നിവയെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
10. ശബരിമലയിലെ രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സുരക്ഷ വര്‍ധിപ്പിക്കും. സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കുന്നതിനുള്ള എല്ലാ സാധ്യതകളും ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നുണ്ട്. സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാന്‍ സാധിച്ചില്ലെങ്കില്‍ നിലയ്ക്കലില്‍ ആകും രാഷ്ട്രപതി വ്യോമ മാര്‍ഗം ഇറങ്ങുക. ജനുവരി 6 നാണ് രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് അറിയിച്ച് ഇരിക്കുന്നത്. അറിയിപ്പ് കിട്ടിയതോടെ സുരക്ഷാ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് വിവിധ വകുപ്പുകള്‍
11. രാഷ്ട്രപതി എത്തുന്ന ദിവസം പമ്പയിലേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യം ഉന്നതതല യോഗത്തിന് ശേഷം തീരുമാനിക്കും. ഡി.ജി.പി ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാകും സുരക്ഷ ക്രമീകരണം ഒരുക്കുക. എസ്.പി.ജിയുടെ സുരക്ഷ ക്രമീകരണവും ഉണ്ടാവും. മൊബൈല്‍ ജാമറുകളും സ്ഥാപിച്ചേക്കും. മാദ്ധ്യമങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാവാനാണ് സാധ്യത.