ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ മൂന്നാം പതിപ്പായ ചന്ദ്രയാൻ മൂന്നിന് സർക്കാർ അംഗീകാരം നൽകി. ചന്ദ്രയാൻ മൂന്നുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടക്കുകയാണ്. 2020 ആദ്യ ദിവസം ബംഗളൂരുവിൽ നടന്ന പത്രസമ്മേളനത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) മേധാവി കെ ശിവൻ വ്യക്തമാക്കി. 2020 ഐ.എസ്.ആർ.ഒയെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലമായ വർഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019ൽ ഐ.എസ്.ആർ.ഒ കൈവരിച്ച നേട്ടങ്ങളും, 2020ൽ കൈവരിക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാൻരണ്ടിൽ ഞങ്ങൾക്ക് ഓർബിറ്റർ -ലാൻഡർ-റോവർ കോൺഫിഗറേഷൻ ഉണ്ടായിരുന്നു. ചന്ദ്രയാൻ മൂന്നിൽ പ്രൊപ്പൽഷൻ മൊഡ്യൂളിനൊപ്പം ലാൻഡിംഗും റോവറും ഉണ്ടാകും. ചന്ദ്രയാൻ മൂന്ന് അതിന്റെ മുൻഗാമിയായ ചന്ദ്രയാൻ രണ്ടിന് സമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ചന്ദ്രയാൻ മൂന്ന്, ഗഗൻയാൻ എന്നിവയുടെ വർഷമായിരിക്കും. 2019ൽ ഗഗൻയാനിൽ നല്ല പുരോഗതിയുണ്ടാക്കാൻ ഐ.സ്.ആർ.ഒയ്ക്ക് സാധിച്ചു. ബഹിരാകാശത്തേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ദൗത്യമാണ് ഗഗൻയാൻ. 2022 ൽ വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്ന ഗഗൻയാൻ ബഹിരാകാശത്തേക്ക് മൂന്ന് യാത്രികരെ അയച്ച് സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാൻ ലക്ഷ്യമിടുന്നു. നാല് ബഹിരാകാശയാത്രികർക്കുള്ള പരിശീലനം ജനുവരി അവസാനത്തോടെ ആരംഭിക്കും.
2020ൽ ഐ.സ്.ആർ.ഒയുടെ ലക്ഷ്യം ബഹിരാകാശ ദൗത്യം നേടാനാവിശ്യമായ ശേഷി വിപുലീകരിക്കുകയാണ് . അതിനായി രണ്ടാമത്തെ ബഹിരാകാശ തുറമുഖം നിർമിക്കാൻ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്ഥലം ഏറ്റെടുത്തു എന്നും അദ്ദേഹം വ്യക്തമാക്കി.