''സാറേ..."
അവ്യക്തമായ ഒരു ശബ്ദം ചന്ദ്രകലയുടെ കണ്ഠത്തിൽ കുരുങ്ങി.
അടിയുടെ ആഘാതത്തിൽ അവൾ വട്ടം കറങ്ങി. കരിനാഗങ്ങൾ പോലെ അവളുടെ തലമുടി ചുറ്റും ഇളകി.
ശ്രീനിവാസകിടാവ് ആ മുടിയിൽ കുത്തിപ്പിടിച്ച് തന്റെ മുഖത്തിനു നേർക്ക് അവളുടെ മുഖം തിരിച്ചു.
ചന്ദ്രകലയുടെ ചുണ്ടുപൊട്ടി ഒരു തുള്ളി ചോര താടിയിലേക്ക് ഒലിച്ചുവന്നു.
കിടാവിന്റെ കണ്ണുകൾ വന്യമായി തിളങ്ങി.
അയാൾ അവളെ പുഴുത്ത തെറിവിളിച്ചുകൊണ്ട് മുടിയിൽ പിടിമുറുക്കി.
''പറയെടീ... നിന്റെ മറ്റവനെന്തിയേ. പ്രജീഷ്?
''അറിയത്തില്ല..."
ചന്ദ്രകല വിക്കി.
''നിന്റെ കൂടെ ഈ മുറിയിൽ ഉണ്ടായിരുന്നവൻ പിന്നെ അലിഞ്ഞുപോയോടീ?"
തന്റെ തലമുടി ശിരസിൽ നിന്ന് പറിഞ്ഞുപോകുന്ന വേദനയിൽ ചന്ദ്രകല പുളഞ്ഞു. അതിനിടെ വാക്കുകൾ ചിതറി.
''ഇവിടുന്ന് ഇറങ്ങിപ്പോകുന്നതേ ഞാൻ കണ്ടുള്ളു."
കിടാവ് അടുത്ത കൈ കൊണ്ട് അവളുടെ കവിളിൽ കുത്തിപ്പിടിച്ചു.
''അടച്ചിട്ട വാതിൽ വഴി അവനെങ്ങനെ പോകാൻ? താക്കോൽ പഴുതിലൂടെ പോകാൻ അവനെന്താടീ പ്രേതമാണോ?"
കേട്ടുനിന്ന പരുന്ത് റഷീദിന്റെ നെഞ്ചിടിപ്പു വർദ്ധിച്ചു. ചന്ദ്രകല സത്യം പറഞ്ഞാൽ...
അവർ വല്ലവിധേനയും തന്നെ നോക്കുന്നത് പരുന്ത് കണ്ടു. പറയരുതെന്ന ഭാവത്തിൽ അയാൾ കണ്ണിറുക്കി.
''അതൊന്നും എനിക്കറിയത്തില്ല." ചന്ദ്രകല അറിയിച്ചു.
''അങ്ങനെ പറഞ്ഞൊഴിഞ്ഞാലെങ്ങനാടീ?" ശേഖരൻ ഇടപെട്ടു. ''സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ ഞങ്ങളിവിടെയിട്ട് കൊത്തിനുറുക്കും."
ചന്ദ്രകല മിണ്ടിയില്ല.
കിടാവ് അതേ രൂപത്തിൽത്തന്നെ അവളെ പിന്നോട്ടു തള്ളിക്കൊണ്ടുപോയി. തടിഭിത്തിക്ക് അരുകിൽ വരെ... പിന്നെ മുടിയിലെ പിടിവിട്ടതും സർവ്വ ശക്തിയും വലതുകൈയിലേക്ക് ആവാഹിച്ച്, കവിളിലെ പിടി വിടാതെതന്നെ ആ ശിരസ്സ് ഭിത്തിയിലേക്കു ചേർത്ത് ഒറ്റയിടി.
തടിഭിത്തി ഒന്നു കുലുങ്ങിയതുപോലെ തോന്നി. ചിരട്ട പൊട്ടുന്നതുപോലെ ഒരു ശബ്ദവും!
പരുന്തുപോലും കണ്ണുകൾ ഇറുക്കിയടച്ചു.
ചന്ദ്രകലയുടെ അലർച്ച കോവിലകത്തിന്റെ ഭിത്തികളിൽ പ്രതിധ്വനി തീർത്തു.
പുറത്തു കാവലുണ്ടായിരുന്ന പോലീസുകാർ അതുകേട്ടു. ഒരാൾ സി.ഐ അലിയാരെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു.
''അവിടെ നിന്ന് ഈ രാത്രിയിൽ പലതുമങ്ങനെ കേട്ടെന്നിരിക്കും. കാര്യമാക്കണ്ടാ. നിങ്ങൾ കരുതിനിൽക്കുക. ഒറ്റയാൾ പോലും പക്ഷേ അവിടെനിന്നു രക്ഷപെടുകയുമരുത്."
അതായിരുന്നു അലിയാരുടെ മറുപടി.
അപ്പോൾ കോവിലകത്തിനുള്ളിൽ....
''ഇനിയും നീ സത്യം പറഞ്ഞില്ലെങ്കിൽ കുറേക്കൂടി ക്രൂരനാകേണ്ടിവരും എനിക്ക്."
കിടാവ്, ചന്ദ്രകലയ്ക്ക് അന്ത്യശാസനം നൽകി.
അവളുടെ ശിരസ്സുപൊട്ടി കൊഴുത്ത ചോര പതച്ചുവന്നു. അത് മുടിത്തുമ്പിലേക്കു ചെന്ന് തറയിലേക്ക് തുള്ളികളായി വീണു ചിതറി.
''ആരാടീ വാതിലിന്റെ ലോക്കു തുറന്നു തന്നത്?"
ചോദ്യം ശേഖരന്റെ വക.
തനിക്കു ചുറ്റും ആ മുറി വട്ടം കറങ്ങുന്നതുപോലെ തോന്നി ചന്ദ്രകലയ്ക്ക്.
അവളുടെ നാവിൽ നിന്നു കുഴഞ്ഞ ശബ്ദം അടർന്നു...
''അത്... പരുന്താ..."
''ങ്‌ഹേ?" കിടാക്കന്മാർ നടുങ്ങിത്തിരിഞ്ഞു.
''നേരാണോടാ?"
ചോദ്യം മാത്രം.
ഉത്തരമില്ല.
പരുന്ത് നിന്നിരുന്ന ഭാഗം ശൂന്യം.
''ശേഖരാ. ആ തെണ്ടിയെ വിടരുത്." കിടാവു ചീറി. ''അവൻ നമുക്കൊപ്പം നിന്നിട്ട് പ്രജീഷുമായി ചേർന്നു കളിക്കുകയായിരുന്നു. അവനറിയാം പ്രജീഷും നിധിയും എവിടെയുണ്ടെന്ന്."
''അവനും ഇന്നത്തോടെ തീർന്നു." കടപ്പല്ല് അമർത്തിക്കൊണ്ട് ശേഖരൻ കൊടുങ്കാറ്റായി പുറത്തേക്കു പാഞ്ഞു.
''നീ ഇവിടെ കിടക്കെടീ. ബാക്കി ഞാൻ തിരിച്ചുവന്നിട്ട്."
കിടാവ് ചന്ദ്രകലയിലെ പിടിവിട്ടു.
ഭിത്തിയിൽ ചാരി ഒരു പഴന്തുണിക്കെട്ടുപോലെ ചന്ദ്രകല തറയിലേക്കൂർന്നു. ശേഷം ഒരുവശം ചരിഞ്ഞ് അവിടെത്തന്നെ വീണു.
പുറത്തേക്കു കുതിച്ചിറങ്ങി, വാതിൽ അടച്ച് ഓടാമ്പലിട്ടിട്ട് ശ്രീനിവാസകിടാവും അനുജൻ പോയ വഴിയെ പോയി...
ആ സമയം ഇരുളിനെ മറയാക്കി ഓടിയ പരുന്ത് റഷീദ് പാഞ്ചാലി ഉപയോഗിച്ചിരുന്ന മുറിക്കു മുന്നിൽ എത്തിയിരുന്നു.
അടുത്ത നിമിഷം വാതിൽപ്പാളി തുറന്ന് ഒരു കൈ പുറത്തേക്കു നീണ്ടു.
തെന്നിമാറാൻ കഴിഞ്ഞില്ല പരുന്തിന്.
ബലിഷ്ഠമായ ആ കൈ അയാളെ മുറിക്കുള്ളിലേക്കു വലിച്ചിട്ടു. പെട്ടെന്നു തന്നെ വാതിൽ അടയ്ക്കുകയും ചെയ്തു. ഒപ്പം കാതിൽ ഒരു സ്വരം കേട്ടു.
''പുറത്തിറങ്ങിയാൽ അവര് നിന്നെ കൊല്ലും."
പരുന്ത് ചുറ്റും നോക്കി.
തനിക്കു ചുറ്റും ഇരുട്ടിൽ കറുത്ത നിഴലുകൾ ചലിക്കുന്നതുപോലെ...
ആ നിമിഷം തന്നെ അയാളുടെ ശിരസ്സിലേക്ക് കലം പോലെ എന്തോ അമർന്നു.
ശിരസ്സ് അതിനുള്ളിലായി.
പിന്നെയും ഇരുട്ട്....
പുറത്ത് കിടാക്കന്മാർ അപ്പോഴും പരുന്തിനെ തിരഞ്ഞു നടക്കുകയാണ്. എന്തും വരട്ടെ എന്നു കരുതി അവർ ഓരോ ഭാഗത്തെയും ലൈറ്റുകൾ തെളിച്ചുകൊണ്ടിരുന്നു.
അങ്ങനെ അവർ പാഞ്ചാലിയുടെ മുറിക്കു മുന്നിലെത്തി.
''ഇതിലും നോക്കണം."
ശേഖരൻ ആ വാതിൽ തള്ളിത്തുറന്നു...
(തുടരും)