തിരുവനന്തപുരം: പുതുവർഷത്തിൽ രാജ്യം സാമ്പത്തിക രംഗത്ത് നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധയും ഐ.എം.എഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയുമായ ഗീത ഗോപിനാഥ്. സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഇപ്പോൾ ചില വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഇക്കൊല്ലം അവസാനത്തോടുകൂടി ഈ വെല്ലുവിളി മറികടക്കാനാകുമെന്നും അവർ പറഞ്ഞു. ഇന്ത്യ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായതുകൊണ്ട് ഇന്ത്യ വളരുന്നത് മറ്റുരാജ്യങ്ങൾക്കും ഗുണകരമാണ്. 2020ൽ രാജ്യം ഒന്നാമതായി മുൻഗണന കൊടുക്കുന്നത് സാമ്പത്തിക രംഗത്തിനുതന്നെയാണ്. ബാങ്കിംഗ്, കാർഷികം എന്നീ മേഖലകളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.
ലോകത്തിന്റെ പ്രധാന കമ്പനികൾ പലതും ചെെനയിൽ നിന്നു മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങുന്ന കാലമാണ്. അതിനാൽ ഇന്ത്യയെ സംബന്ധിച്ച് നല്ല സമയമാണ്. "2019 ഇന്ത്യക്ക് സാമ്പത്തികമായി മോശം കാലമായിരുന്നു. ഇത് തിരിച്ചറിഞ്ഞ് പല ഉത്തേജക നടപടികളും നയങ്ങളും സ്വീകരിച്ചിട്ടുണ്ട്. പുതിയ ധന നയം, ഗ്രാമീണർക്ക് പണമെത്തിക്കാനുള്ള നടപടി, എന്നിവയെല്ലാം ഇക്കൊല്ലം അവസാനത്തോടെയെങ്കിലും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ പുഷ് ചെയ്യുമെന്ന് ഞാൻ കരുതുന്നു"-ഗീത ഗോപിനാഥ് പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, ഇന്ത്യയിലെ സാമ്പത്തികാവസ്ഥ വെല്ലുവിളിയുയര്‍ത്തുന്ന അന്തരീക്ഷത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയടക്കം ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ പരിതാപാവസ്ഥയില്‍ ഐ.എം.എഫും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നായിരുന്നു ഐ.എം.എഫ് വ്യക്തമാക്കിയത്. നിക്ഷേപവും ഉപഭോഗവും വലിയ രീതിയില്‍ കുറഞ്ഞതും നികുതി വരുമാനം ഇടിഞ്ഞതുമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചതെന്നാണ് ഐ.എം.എഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയത്.