
''തമ്പുരാനേ... ഞാൻ... ഞാൻ ഒന്നും അറിഞ്ഞില്ല... എങ്ങനെ... എങ്ങനെയാ തമ്പുരാട്ടിക്കുട്ടി മരിച്ചത്?"
തന്റെ പരിഭ്രമം കഴിവതും ഉള്ളിൽ ഒതുക്കുവാൻ ശ്രമിച്ചു പ്രജീഷ്.
ബലഭദ്രൻ അയാളുടെ മുഖത്തു നിന്നും നോട്ടം മാറ്റിയില്ല.
''എന്തു പറയാനാടാ. ഒരു തന്തയില്ലാത്തവൻ എന്റെ മോളെ ചുട്ടുകൊന്നു."
ഒരു നിമിഷത്തേക്കു മിണ്ടാനായില്ല പ്രജീഷിന്. പിന്നെ വല്ലവിധേനയും അയാൾ പറഞ്ഞൊപ്പിച്ചു.
''നമ്മുടെ രാജ്യം ഇന്ന് എവിടേക്കാ തമ്പുരാനേ പോകുന്നത്? വടക്കേയിന്ത്യയിൽ ഇപ്പോൾ യുവതികളെ ചുട്ടുകൊല്ലുന്നത് ഒരു രീതിയായി മാറിയിരിക്കുകയാ. കൊച്ചു പെൺകുട്ടികൾക്കുപോലും രക്ഷയില്ലാത്ത അവസ്ഥ..."
''അതേടാ." തമ്പുരാൻ സമ്മതിച്ചു. ''വാസ്തവത്തിൽ ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്?"
''കൊല്ലണം തമ്പുരാൻ. ഒരു ഡോക്ടറെ ചുട്ടുകൊന്ന നാലുപേരെ പോലീസുകാര് വെടിവച്ചു കൊന്നു.
അതുപോലെ ഇവനെയൊന്നും ഭൂമിക്കു മുകളിൽ വച്ചേക്കരുത്."
''കറക്ട്." ബലഭദ്രൻ, പ്രജീഷിന്റെ തോളിൽ കൈവച്ചു. ''എന്റെ മകളെ കൊന്നവനെ എനിക്കു കൊല്ലണം. അതിന് നിന്റെ സഹായം വേണം. അതിനാ നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്."
പ്രജീഷിന് ആശ്വാസമായി.
''ഞാൻ ചെയ്തിരിക്കും തമ്പുരാൻ. അവൻ ആരായാലും പൊക്കിയെടുത്ത് ഞാൻ തമ്പുരാന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തിത്തരും."
''അതു മതിയെടാ."
ബലഭദ്രൻ കൈ പിൻവലിച്ചു:
''എനിക്കിപ്പഴാ തൃപ്തിയായത്."
പ്രജീഷ് ശ്വാസം വലിച്ചുവിട്ടു.
പെട്ടെന്നു മൂന്നുപേർ കൂടി അവിടേക്കു വന്നു. പ്രജീഷ് അവരെ തുറിച്ചു നോക്കി.
''ഇവരൊക്കെ?"
''നിന്നെ സഹായിക്കാൻ ഞാൻ വരുത്തിയവരാ... പിന്നെ."
ഒന്നു നിർത്തിയിട്ടു തമ്പുരാൻ തന്റെ സെൽഫോൺ എടുത്തു.
അതിൽ നിന്ന് ഒരു വീഡിയോ ക്ളിപ്പിംഗ് എടുത്ത് പ്രജീഷിന്റെ നേർക്കു പിടിച്ചു.
''നോക്കിക്കോടാ. ഇവനാ എന്റെ മോളെ കൊന്നത്."
ഫോണിലേക്കു നോക്കിയ പ്രജീഷിന്റെ തലയ്ക്കുള്ളിൽ ഒരു സ്ഫോടനം നടന്നു.
ദേവനന്ദയെ തീവച്ചിട്ട് കുതിച്ചു പായുന്ന താൻ...!
''തമ്പുരാ..."
അയാൾക്ക് വിളി പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല.
അതിനു മുൻപ് അപ്പോൾ എത്തിയവരിൽ രണ്ടുപേർ ഇരുവശത്തും നിന്ന് അയാളുടെ കൈയ്ക്കു പിടിച്ചു.
''നടക്കെടാ."
''വീട്.... എന്നെ വിടാൻ..." പ്രജീഷ് കുതറി.
പക്ഷേ ഉരുക്കു പൂട്ടു വീണതുപോലെയായിരുന്നു അവരുടെ പിടുത്തം.
''പ്രജീഷേ..." തമ്പുരാൻ ക്രൂരമായി ചിരിച്ചു. ''എന്റെ മോളെ കൊന്നവന് എന്തു ശിക്ഷ കൊടുക്കണമെന്നു പറഞ്ഞത് നീ തന്നെയാണ്. നിന്റെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. ശിക്ഷ കൊടുത്തേക്കാം. എന്താ...?"
''തമ്പുരാനേ... പൊറുക്കണം..."
പ്രജീഷ് പൊട്ടിക്കരഞ്ഞു. ''എനിക്കൊരു തെറ്റുപറ്റിപ്പോയി. എന്നെ കൊല്ലരുത്."
''രക്ഷയില്ലെന്നു കാണുമ്പോൾ എല്ലാ കുറ്റവാളികളും പറയാറുള്ളത് ഇങ്ങനെ തന്നെയാടാ. മാപ്പുകൊടുത്താലോ കൗൺസലിംഗ് നടത്തിയാലോ ഇങ്ങനെയുള്ളവന്മാരുടെ മനം മാറുമെന്ന് എനിക്ക് യാതൊരു വിചാരവുമില്ല. സോപ്പുതേച്ച് ചകിരിവച്ചുരച്ചാൽ ഏതെങ്കിലും കാക്ക വെളുക്കുമോടാ? അതേപോലെ തന്നെയാണിതും."
''തമ്പുരാനേ..."
''ഇനി നീ മിണ്ടരുത്."
അതൊരു കൽപ്പനയായിരുന്നു.
തമ്പുരാന്റെ ആളുകൾ പ്രജീഷിനെ അറവുമാട് എന്നവണ്ണം മുന്നോട്ടു വലിച്ചിഴച്ചു.
തങ്ങൾ കരുളായി വനത്തോടു ചേർന്നുള്ള ഭാഗത്താണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു.
തമ്പുരാനും കാർ ഡ്രൈവറും അവർക്കു പിന്നാലെ പോയി.
മുന്നിൽ ഒരു പാറക്കൂട്ടം.
അതിനപ്പുറത്ത് വെളിച്ചം കണ്ടു.
പാറപ്പുറത്തേക്ക് പ്രജീഷിനെ അവർ വലിച്ചുകയറ്റി.
അതിനപ്പുറത്തെ കാഴ്ചകണ്ട് പ്രജീഷ്...
പണ്ടുകാലത്ത് വാട്ടുകപ്പ ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്ന തരത്തിലുള്ള ഒരു വലിയ ചെമ്പുപാത്രം.
അത് ഒരു അടുപ്പിൽ വച്ചിരിക്കുകയാണ്. അതിനടിയിൽ കാട്ടുകമ്പുകൾ എരിഞ്ഞുകൊണ്ടിരിക്കുന്നു.
പാത്രത്തിന്റെ മുക്കാൽ ഭാഗത്തോളം നിറച്ചിരിക്കുന്ന വെള്ളം വെട്ടിത്തിളയ്ക്കുന്നു...
''എന്റെ മകൾ അനുഭവിച്ചതിനപ്പുറം അവളെ ഇല്ലാതാക്കിയവനും അനുഭവിക്കണം പ്രജീഷേ..."
ബലഭദ്രന്റെ കണ്ണുകൾ തീജ്വാലകൾ പ്രതിഫലിച്ച് ചുവന്നു തിളങ്ങി.
അടുത്ത നിമിഷം പ്രജീഷിനെ പിടിച്ചിരുന്നവർ അയാളെ താഴേക്കു മറിച്ചു. ലാടം തറയ്ക്കുവാൻ കാളയെ മറിക്കുന്നതുപോലെ...
''തമ്പുരാനേ.."
അയാളുടെ നിലവിളി പൂർത്തിയാകും മുൻപ് ഒരാൾ അയാളുടെ തന്നെ ഷർട്ട് വലിച്ചുകീറി വായിൽ കുത്തിത്തിരുകി.
പിന്നെ ബാക്കി വസ്ത്രങ്ങൾ കൂടി വലിച്ചു പറിച്ച് കൈകളും കാലുകളും ഒന്നിച്ചു ചേർത്തു കെട്ടി.
ഇപ്പോൾ പ്രജീഷ് അർദ്ധ വൃത്താകൃതി രൂപത്തിലായി.
തമ്പുരാൻ ഒരു പാറപ്പുറത്തിരുന്നു. കാൽമുട്ടുകൾക്കു മീതെ കൈകൾ നീട്ടിവച്ചു. ശേഷം നിർദ്ദേശിച്ചു.
''പൊക്കിയെടുത്തിടെടാ അവനെ."
അനുയായികൾ മൂന്നുപേർ ചേർന്ന് പ്രജീഷിനെ എടുത്തുയർത്തി തിളച്ച വെള്ളത്തിലേക്കിട്ടു.
കൈകാലുകൾ ബന്ധിച്ചിരുന്നതിനാൽ ഉടൽ ഇളക്കി പിടയാൻ തുടങ്ങി പ്രജീഷ്...
ചെമ്പു പാത്രത്തിൽ നിന്ന് വെള്ളം ചുറ്റും തുളുമ്പിത്തെറിച്ചു.
തമ്പുരാന്റെ കടപ്പല്ലുകൾ ഞെരിഞ്ഞുടഞ്ഞു.
തന്റെ മകൾ ശിരസ്സിൽ തീപിടിച്ച് പാർക്കിലൂടെ ഓടുന്ന രംഗം അയാളുടെ മനോമുകുരത്തിൽ തെളിഞ്ഞു.
സമയം പിടഞ്ഞുവീണു.
പ്രജീഷിന്റെ പിടച്ചിൽ മെല്ലെ കുറഞ്ഞുവന്നു.
അവസാനം...
മാംസം വേകുന്നതിന്റെ ഗന്ധം!
(തുടരും)