lazareth

റോഡിലൂടെ ചീറിപ്പായാനും ആകാശത്തിലൂടെ പാറി പറക്കാനും ഒരു ബൈക്കുണ്ടെങ്കിൽ എന്ന് നമ്മൾ എല്ലാവരും എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചിട്ടുണ്ടാവും. ഇതുമായി ബന്ധപ്പെടുത്തി പല ആശയങ്ങളും ഇതിനോടകം വന്നു കഴിഞ്ഞു. എന്നാൽ ഇവയിൽ പലതും അളെവച്ച് പറന്നുയരുന്ന ഹോവർക്രാഫ്റ്റുകളായിരുന്നു. ഇവയ്ക്കൊന്നും റോഡിലൂടെ ചീറിപ്പായാൻ കഴിയില്ല. ഇപ്പോഴിതാ ബൈക്ക് എന്ന പേരിൽ റോഡിലൂടെയും ആകാശത്തൂടെയും സഞ്ചരിക്കാൻ കഴിയുന്ന ബൈക്കുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് ആട്ടോമോട്ടീവ് കമ്പനിയായ ലസറേത്ത്.


ഈ വർഷം തന്നെ വാഹനം പുറത്തിറങ്ങുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ എൽഎംവി 496 എന്ന കൺസെപ്റ്റാണ് റോഡിലൂടെയും ആകാശത്തിലൂടെയും സഞ്ചരിക്കുന്നത്. ഈ വാഹനത്തിന്റെ വിലയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 380000 യൂറോ (ഏകദേശം 3 കോടി രൂപ). റോഡിലോടുമ്പോൾ ഇലക്ട്രിക് മോട്ടറും ആകാശത്ത് പറക്കുമ്പോൾ ജെറ്റ് എൻജിനുമാണ് ബൈക്കിന് കരുത്തേകുന്നത്.

മണ്ണെണ്ണ ഇന്ധനമാക്കുന്ന ജെറ്റ് എൻജിൻ ഉപയോഗിച്ച് പത്തു മിനിറ്റ് ആകാശത്ത് പറക്കാം. നാലു ജെറ്റ് എൻജിനുകൾ ചേർന്ന് 1300എച്ച്.പി ത്രസ്റ്റ് നൽകും. സഞ്ചരിക്കുന്ന ഉയരം, ഇന്ധനനില, പൊസിഷൻ, ഡയറക്ഷൻ തുടങ്ങി എല്ലാ വിവരങ്ങളും വാഹനത്തിന്റെ കൺസോളിൽ ലഭ്യമാകും. കാർബൺ കോമ്പോസിറ്റുകൊണ്ട് നിർമിച്ച ബോഡിയുള്ള ബൈക്കിന് വെറും 140 കിലോഗ്രാം ഭാരം മാത്രമേയുള്ളു എന്നാണ് കമ്പനി അവകാശപ്പെടുന്നത്.