സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ അന്തിക്കാട് ദുൽഖര്‍ സൽമാനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'വരനെ ആവശ്യമുണ്ട്' എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം നിര്‍മ്മിക്കുകയും ചെയ്യുന്ന ദുൽഖര്‍ തന്നെയാണ് ടൈറ്റിൽ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയിരിക്കുന്നത്.
ഏറെ പ്രത്യേകതകളുള്ള ഒരു ചിത്രത്തിന്‍റെ ഏറെ സ്പെഷലായ ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഈ ദശാബ്ദത്തിലേക്ക് കടക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ഈ ചിത്രം മലയാള സിനിമയിലെ രണ്ട് തലമുറകളുടെ സംഗമം കൂടിയാണ്. ദുൽഖര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത് ഇങ്ങനെ കുറിച്ചുകൊണ്ടാണ്.
ദുൽഖര്‍ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻ്റെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരവും കഴിഞ്ഞ ദിവസം ദുൽഖര്‍ ഇൻസ്റ്റയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
അങ്ങനെ അത് കഴിഞ്ഞു, വേഫെറര്‍ ഫിലിംസിൻ്റെ മൂന്നാമത്തെ പ്രൊഡക്ഷൻ, ഒരുപക്ഷേ ആദ്യം റിലീസ് ചെയ്യാൻ പോകുന്ന ചിത്രം. അനൂപ് സത്യൻ്റെ കന്നി സംവിധാന സംരംഭം. ഈ ചിത്രത്തിൻ്റെ നിര്‍മ്മാതാവാകാൻ കഴിഞ്ഞതിലും ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിലും വലിയ സന്തോഷമുണ്ട്. എനിക്ക് ഈ സവിശേഷ ഭാഗ്യം തന്നതിന് ഈ ചിത്രത്തിൻ്റെ കാസ്റ്റ് ആൻ്റ് ക്രൂവിലെ ഓരോരുത്തരോടും വലിയ നന്ദി. ചിത്രത്തിൻ്റെ ക്രൂവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദുൽഖര്‍ ചിത്രം ഷൂട്ടിങ് പൂർത്തിയായ ദിനത്തിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു.
ദുല്‍ഖറിന്‍റെ നായികയായി അഭിനയിക്കുന്നത് കല്യാണി പ്രിയദര്‍ശനാണ്. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ദുൽഖറിനും കല്യാണി പ്രിയദർശനുമൊപ്പം സുരേഷ് ഗോപിയും ശോഭനയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി, വാഫാ ഖദീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.