പ്രോസ്റ്റേറ്റ് വീക്കം വയസാകുന്ന പുരുഷന്മാരുടെ പ്രശ്നമാണ്. 45നും 80നും ഇടയ്ക്കുള്ള പുരുഷന്മാരിൽ 90 ശതമാനം പേർക്കും പ്രോസ്റ്റേറ്റ് വീക്കം മൂലമുള്ള മൂത്രതടസം ഉണ്ട്. രോഗം സ്ഥിരീകരിച്ചാൽ വിശദമായ രോഗചരിത്രം ചോദിച്ചു മനസിലാക്കണം. മൂത്ര പരിശോധന, യൂറോഫ്ളോമെറ്റ്റി, രക്തപരിശോധന ഇവ ചെയ്യണം. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം അൾട്രാസൗണ്ട് സ്കാൻ, സിസ്റ്റോസ്കോപി വഴി മനസിലാക്കണം. മൂത്രമൊഴിച്ചിട്ട് മൂത്രസഞ്ചിയിൽ തങ്ങിനിൽക്കുന്ന മൂത്രത്തിന്റെ അളവ് അൾട്രാസൗണ്ട് സ്കാൻ വഴി മനസിലാക്കണം. യൂറോഫ്ളോമെറ്റ്ട്രി പരിശോധന വഴി മൂത്രപ്രവാഹത്തിന്റെ വേഗത മനസിലാക്കാൻ സാധിക്കും.
പ്രോസ്റ്റേറ്റ് വീക്കം മൂലമുള്ള വൃക്കപരാജയം, മൂത്രം കെട്ടിനിൽക്കുന്ന അവസ്ഥ, ഇടവിട്ടുള്ള മൂത്രരോഗാണുബാധ, മൂത്രാശയക്കല്ല്, മൂത്രത്തിൽ കൂടിയുള്ള അമിത രക്തപ്രവാഹം, പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള മറ്റു ചികിത്സാരീതികൾ ഫലപ്രാപ്തി കാണാതെ വരിക മുതലായ സാഹചര്യങ്ങളിലാണ് സർജിക്കൽ ചികിത്സ പരിഗണിക്കുന്നത്.
ടി.യു.ആർ.പി ചികിത്സയാണ് ഗോൾഡ് സ്റ്റാൻഡേർഡ് സർജിക്കൽ ചികിത്സയായി പ്രോസ്റ്റേറ്റ് വീക്കത്തിന് പരിഗണിക്കുന്നത്. മോണോ പോളാർ, ബൈപോളാർ മുതലായ രണ്ട് സങ്കേതങ്ങൾ ഉപയോഗിച്ചാണ് ടി.യു.ആർ.പി ചെയ്യുന്നത്.വളരെ വലിപ്പമുള്ള പ്രോസ്റ്റേറ്റ് വീക്കം തുറന്നുള്ള ശസ്ത്രക്രിയ, ലാപ്രോസ്കോപി, റൊബോട്ടിക്സ് മുതലായ സങ്കേതങ്ങൾ ഉപയോഗിച്ച് ചെയ്യുന്നു.
ഹോൾമിയം, തൂളിയം മുതലായ ലേസറുകൾ ഉപയോഗിച്ച് രക്തനഷ്ടം കൂടാതെ വളരെ വലിപ്പമുള്ള പ്രോസ്റ്റേറ്റ് വീക്കം നീക്കം ചെയ്യാൻ കഴിയും. വളരെ ചെറിയ പ്രോസ്റ്റേറ്റ് വീക്കം (30gm ന് താഴെ) ടി.യു. ഐ.പി സങ്കേതം വഴി ചികിത്സിക്കാൻ സാധിക്കും.
ബൈ പോളാർ ടി.യു. പി, പി.വി.പി എന്നീ സങ്കേതങ്ങൾ വഴിയും പ്രോസ്റ്റേറ്റ് വീക്കം ചികിത്സിക്കാം.
പ്രോസ്റ്റാറ്റിക് യുറിത്രൽ ലിഫ്റ്റ്, ട്രാൻസ് യുറിത്രൽ മൈക്രോവേവ് തെറാപ്പി മുതലായ സങ്കേതങ്ങൾ പ്രോസ്റ്റേറ്റ് വീക്കം ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.നീരാവി ഉപയോഗിച്ചുള്ള തെർമൽ തെറാപ്പി ഒരു പുതിയ ചികിത്സാ സങ്കേതമാണ്.
ഇപ്പോൾ വളരെ വാർത്താപ്രാധാന്യം നേടിയ പ്രോസ്റ്റാറ്റിക് ആർട്ടറി എംബോളൈസേഷൻ ക്ളിനിക്കൽ ട്രയൽന് മാത്രമുള്ളതാണ്. അത് ചികിത്സയ്ക്ക് ഉപയോഗിക്കാനുള്ള അനുമതിയില്ല.
ഡോ. എൻ. ഗോപകുമാർ
യൂറോളജിസ്റ്റ് & ആൻഡ്രോളജിസ്റ്റ്,
യൂറോ കെയർ,
ഓൾഡ് പോസ്റ്റ് ഓഫീസ് ലെയിൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേകോട്ട,
തിരുവനന്തപുരം.
ഫോൺ: 094470 57297.