ലക്നൗ: വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്.ആർ. ധാരാപുരിയുടെ വീട്ടിലേക്ക് സുരക്ഷാ മാർഗങ്ങളില്ലാതെ സ്കൂട്ടറിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര സഞ്ചരിച്ചത് വിവാദമായിരുന്നു. പ്രിയങ്കയെ സ്കൂട്ടറിൽ കൊണ്ടുപോയ പാർട്ടി പ്രവർത്തകൻ ധീരജ് ഗുജ്റാർ ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസ് അദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു. എന്നാൽ, പിഴ താൻ ഒറ്റയ്ക്ക് അടച്ചോളാമെന്നാണ് സ്കൂട്ടറിന്റെ ഉടമ രാജ്ദീപ് സിംഗ് പറയുന്നത്. 6300 രൂപയാണ് പിഴ. പോളിടെക്നിക് ക്രോസിംഗിലേക്ക് പോകുമ്പോഴാണ് താൻ പ്രിയങ്കയെയും ധീരജിനെയും കണ്ടെതെന്നും, ധീരജ് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്കൂട്ടർ നൽകിയതെന്നും രാജ്ദീപ് പറഞ്ഞു. 'ധീരജിന് മേൽ ചുമത്തിയ പിഴ അദ്ദേഹമോ കോൺഗ്രസോ അടയ്ക്കേണ്ട ഞാൻ അടച്ചോളാം' - രാജ്ദീപ് പറഞ്ഞു.