dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ കൊച്ചിയിലെ വിചാരണ കോടതിയിൽ വാദം പൂർത്തിയായി. ജനുവരി നാലിന് ഹർജിയിൽ വിധി പറയും. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറിയിലായിരുന്നു വാദം കേട്ടത്.

പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന വാദവുമായാണ് ദിലീപ് ഹര്‍ജി നൽകിയത്. അതേസമയം, ഹർജിയിലെ വിശദാംശങ്ങൾ പരസ്യമാക്കരുതെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കോടതി അനുമതിയോടെ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ നേരത്തെ പരിശോധിച്ചിരുന്നു. ദിലീപിനു പുറമേ സുനിൽകുമാർ, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർക്കായിരുന്നു കോടതി പ്രോസിക്യൂഷന്റെ സാന്നിധ്യത്തിൽ ദൃശ്യം പരിശോധിക്കാൻ അനുവാദം നൽകിയത്. 2017 ഫെബ്രുവരിയിലാണ് നടി അക്രമിക്കപ്പെട്ടത്.