koodathai

കോഴിക്കോട്: സമൂഹമനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 1800 പേജുള്ള കുറ്റപത്രത്തിൽ നാല് പ്രതികളും 246 സാക്ഷികളുമാണുള്ളത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ, വഞ്ചന, വിഷം കൈയിൽ സൂക്ഷിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികളുടെമേൽ ചുമത്തിയിരിക്കുന്നത്. ഒന്നാംപ്രതി ജോളി, രണ്ടാം പ്രതി എം.എസ് മാത്യു, മൂന്നാം പ്രതി പ്രജി കുമാർ, നാലാം പ്രതി മനോജ് എന്നിങ്ങനെയാണ് പട്ടിക. കേസിൽ മാപ്പ് സാക്ഷികളില്ല. സംതൃപ്തിയോടെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്.പി കെ.ജി സൈമൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കടലക്കറിയിലും വെള്ളത്തിലും സയനേഡ് കലർത്തിയാണ് ജോളി റോയിയെ കൊലപ്പെടുത്തിയത്. ഇത് കുട്ടികൾ കഴിക്കാതിരിക്കാൻ അവരെ നേരത്തെ ഉറക്കിക്കെടുത്തുകയായിരുന്നു. റോയിയെ ആശുപത്രിയിൽ കൊണ്ടുപോയ വിവരമൊന്നും കുട്ടികളോട് പറഞ്ഞില്ലെന്നും മരണകാരണം ഹൃദയാഘാതമാണെന്നാണ് കുട്ടികളെ ജോളി അറിയിച്ചതെന്നും എസ്.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിനിടെ നിരവധി വ്യാജരേഖകൾ ജോളി ഉണ്ടാക്കിയെടുത്തു. ബി.കോം എം.കോം സർട്ടിഫിക്കറ്റ്, എൻ.ഐ.ടി ഐ.ഡി കാർഡ്, യു.ജി.സി നെറ്റ് സർട്ടിഫിക്കറ്റ് എന്നീ രേഖകളാണ് ഉണ്ടാക്കിയെടുത്തത്. ജോളിയുടെ രണ്ടു മക്കളുടെതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടിൽ നിന്ന് സയനൈഡ് കിട്ടിയതും കേസിൽ സഹായകമായെന്ന് കെ ജി സൈമൺ പറഞ്ഞു.