മുംബയ്:ബാങ്കുകളെ 9,000 കോടി രൂപ കബളിപ്പിച്ച് ലണ്ടനിലേക്ക് മുങ്ങിയ വിവാദമദ്യ വ്യവസായി വിജയ് മല്യയുടെ ജംഗമസ്വത്തുക്കൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ബാദ്ധ്യത വീട്ടാൻ പ്രത്യേക കോടതി ബാങ്കുകളുടെ കൺസോർഷ്യത്തിന് അനുമതി നൽകി.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഉൾപ്പെടെ 15 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നാണ് മല്യ 7,000 കോടിയിലേറെ രൂപ വായ്പയെടുത്തത്. അത് പലിശ സഹിതം 9,000 കോടി ആയിട്ടുണ്ട്. ഈ വായ്പ തിരിച്ചു പിടിക്കാനായി, പ്രത്യേക കോടതി കണ്ടുകെട്ടിയ മല്യയുടെ ജംഗമ സ്വത്തുക്കൾ വിട്ടുതരണമെന്ന് ബാങ്കുകൾ അപേക്ഷ സമർപ്പിച്ചിരുന്നു.
മല്യയുടെ മദ്യ കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസിന്റെ ഓഹരി ഉൾപ്പെടെയുള്ള ജംഗമസ്വത്തുക്കൾ 2016ൽ കോടതി കണ്ടുകെട്ടിയിരുന്നു. മല്യയെ കുറ്റവാളിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
ബാങ്കുകളുടെ അപേക്ഷ അനുവദിച്ച കോടതി മല്യയുടെ സ്വത്തുക്കൾ വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ ഉത്തരവ്, മല്യയ്ക്ക് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനായി ജനുവരി 18 വരെ സ്റ്റേ ചെയ്തിട്ടുണ്ട്.