kim

പ്യോങ്‌ഗ്യാങ് : പുതുവർഷത്തിൽ അമേരിക്കയെ ചൊടിപ്പിച്ചുകൊണ്ട്, ആണവായുധ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും തന്ത്രപ്രധാനമായ ഒരു പുതിയ ആയുധം ഉടൻ അവതരിപ്പിക്കുമെന്നും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ പ്രഖ്യാപിച്ചു. ആണവായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും പരീക്ഷിക്കുന്നതിന് സ്വയം പ്രഖ്യാപിച്ച മൊറട്ടോറിയം തുടർന്നും പാലിക്കാൻ ഉത്തരകൊറിയയ്‌ക്ക് ബാദ്ധ്യസ്ഥമല്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വർഷമായി നിറുത്തി വച്ചിരുന്ന ആണവായുധ, മിസൈൽ പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്നതിന്റെ ശക്തമായ സൂചനയാണ് കിമ്മിന്റെ പ്രഖ്യാപനം എന്ന് കരുതുന്നു..

അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചർച്ചകൾ വിജയത്തിലെത്താതെ പോയതോടെയാണ് പുതിയ തീരുമാനം. ചർച്ചകളുടെ പശ്ചാത്തലത്തിൽ, ഉത്തരകൊറിയയെ ശ്വാസം മുട്ടിക്കുന്ന ഉപരോധങ്ങളിൽ അമേരിക്ക ഇളവ് വരുത്തുമെന്നായിരുന്നു കിമ്മിന്റെ പ്രതീക്ഷ. അതുപോലെ പ്രസിഡന്റ് ട്രംപുമായി കിമ്മിന് ഊഷ്‌മളമായ വ്യക്തിബന്ധം വളരുന്നതിന്റെ സൂചനയും ഉണ്ടായിരുന്നു. ഉത്തരകൊറിയ സ്വയം മോറട്ടോറിയം പ്രഖ്യാപിച്ചത് ഒരു നയതന്ത്ര വിജയമായി ട്രംപ് പലപ്പോഴും അവകാശപ്പെട്ടതല്ലാതെ ഉപരോധങ്ങളിൽ ഇളവ് നൽകിയില്ല. തുടർന്ന് ഇളവ് നൽകാനുള്ള സമയപരിധി 2019 ഡിസംബർ 31 ആയി കിം പ്രഖ്യാപിച്ചു. ആ സമയം കഴിഞ്ഞതോടെയാണ് ആണവ പദ്ധതികളുമായി മുന്നോട്ട് പോകാൻ കിം നിശ്ചയിച്ചത്.

തുടർച്ച ചർച്ച നടത്താനും അമേരിക്ക തയ്യാറായില്ല.

ദക്ഷിണ കൊറിയയുമായി ചേർന്നുള്ള അമേരിക്കയുടെ സൈനികാഭ്യാസവും കിമ്മിനെ പ്രകോപിപ്പിച്ചു. 2019 അവസാനിക്കും മുൻപ് ഇരുപക്ഷത്തിനും സ്വീകാര്യമായ ആണവ കരാറിൽ തീരുമാനമെടുക്കണം എന്നായിരുന്നു കിമ്മിന്റെ ആവശ്യം.

2017ൽ സമാനമായ സാഹചര്യത്തിൽ ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ രണ്ട് മിസൈൽ പറത്തിയിരുന്നു. അമേരിക്കയുടെ പരിധിയിലുള്ള ഹവായി ദ്വീപ് വരെ എത്തുന്ന ഭൂഖണ്ഡാന്തര മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചതിന് പിന്നാലെയാണ് അന്ന് പ്രസിഡന്റ് ട്രംപ് കിമ്മിനെ ചർച്ചയ്ക്കു വിളിച്ചത്. സമ്പൂർണ ആണവ നിരായുധീകരണമാണ് അമേരിക്ക ആവശ്യപ്പെടുന്നത്. എന്നാൽ ‘സമാധാന’ ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് കിമ്മിന്റെ ആവശ്യം. എന്നാൽ സിംഗപ്പൂരിലും വിയറ്റ്നാമിലും ഇരുവരും നടത്തിയ രണ്ടു ചർച്ചകളും പരാജയപ്പെട്ടു. അമേരിക്കയാകട്ടെ ഉത്തര കൊറിയയ്ക്കു മേലുള്ള ഉപരോധങ്ങൾ കൂട്ടുകയാണ് ചെയ്‌തത്.