പലിശനിരക്കിൽ മാറ്റമില്ല
കൊച്ചി: വിപണി നിരക്കിന് അനുസൃതമായി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുറയ്ക്കണമെന്ന റിസർവ് ബാങ്കിന്റെ ആവശ്യം കേന്ദ്ര ധനമന്ത്രാലയം തള്ളി. കഴിഞ്ഞദിവസം കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തെ (2019-20) അവസാന പാദമായ ജനുവരി-മാർച്ചിലേക്കുള്ള പലിശനിരക്ക് മാറ്റമില്ലാതെ നിലനിറുത്തിയിട്ടുണ്ട്. ബാങ്ക് നിക്ഷേപ പലിശ കുറഞ്ഞ സാഹചര്യത്തിൽ, ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശ കുറയ്ക്കണം എന്നായിരുന്നു റിസർവ് ബാങ്കിന്റെ ആവശ്യം.
പലിശ കുറച്ചിരുന്നുവെങ്കിൽ സാധാരണക്കാർ, കർഷകർ, സ്‌ത്രീകൾ, ഇടത്തരം വരുമാനക്കാർ, വിശ്രമ ജീവിതം നയിക്കുന്നവർ തുടങ്ങിയവർക്കത് വലിയ തിരിച്ചടിയാകുമായിരുന്നു. പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്), പോസ്‌റ്ര് ഓഫീസ് നിക്ഷേപം, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി), സുകന്യ സമൃദ്ധി തുടങ്ങിയവയാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. 2019ൽ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് 1.35 ശതമാനം കുറച്ച പശ്‌ചാത്തലത്തിൽ ബാങ്കുകൾ നിക്ഷേപ പലിശയും കുത്തനെ താഴ്‌ത്തിയിരുന്നു. നിലവിൽ, ശരാശരി ആറു ശതമാനമാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ. ചെറുകിട സമ്പാദ്യങ്ങൾക്ക് പലിശനിരക്ക് 7.6 ശതമാനം മുതൽ 8.7 ശതമാനം വരെയാണ്.
നിക്ഷേപ പലിശ കുറഞ്ഞത് ബാങ്ക് നിക്ഷേപങ്ങളെ അനാകർഷകമാക്കിയിട്ടുണ്ട്. എന്നാൽ, ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിന്ന് ഇപ്പോഴും ഉയർന്ന പലിശ ലഭ്യവുമാണ്. ബാങ്ക് സ്ഥിരനിക്ഷേപ പലിശ കുറഞ്ഞതിനാൽ, പെൻഷൻകാർക്ക് ഇതിൽ നിന്നുള്ള വാർഷിക വരുമാനത്തിൽ ശരാശരി 5,845 രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്ന് എസ്.ബി.ഐയുടെ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
എന്താണ് നേട്ടം?
ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ ഉപഭോക്താവിന് ഇപ്പോൾ ലഭിക്കുന്ന പലിശ ശരാശരി ആറു ശതമാനമാണ്.
പോസ്‌റ്രോഫീസ് നിക്ഷേപ പദ്ധതി ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ സ്‌കീമുകളിൽ നിന്ന് 7.6 ശതമാനം മുതൽ 8.7 ശതമാനം വരെ പലിശ ലഭിക്കും.
ചെറുകിട സമ്പാദ്യ
പദ്ധതികളും പലിശയും
(2019-20 ജനുവരി-മാർച്ചിലേക്കുള്ള പലിശനിരക്ക്)
പോസ്‌റ്ര് ഓഫീസ് : 7.7%*
മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്‌കീം : 8.7%*
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്ര് (എൻ.എസ്.സി) : 7.9%*
പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) : 7.9%
കിസാൻ വികാസ് പത്ര : 7.6% (മെച്യൂരിറ്രി കാലാവധി 113 മാസം)
സുകന്യ സമൃദ്ധി : 8.4%
(*നിക്ഷേപ കാലാവധി 5 വർഷം)