ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം രജൗരി ജില്ലയിൽ പാക് നുഴഞ്ഞുകയറ്റക്കാരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. പാക് അധിനിവേശ കാശ്മീരിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഖാരി ത്രയത്ത് വനത്തിൽ വച്ച് സുരക്ഷാ സേന ആയുധധാരികളായ ഇവരെ തടയുകയായിരുന്നു. തുടർന്ന്, നൗഷര മേഖലയിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് സൈനികർ കൊല്ലപ്പെട്ടത്. തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന മേഖലയിൽ തീവ്രവാദികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് സൈനിക വക്താവ് ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു. നുഴഞ്ഞുകയറ്റം നടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് സൈന്യം തെരച്ചിൽ ആരംഭിച്ചിരുന്നെന്നും വൈകാതെ തീവ്രവാദികൾ ആക്രമണം തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.