dileep-

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ ജനുവരി നാല് ശനിയാഴ്ച വിധി പറയും. വിടുതൽഹർജിയെ എതിർത്ത പ്രോസിക്യൂഷൻ ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയിൽ രേഖാമൂലം റിപ്പോർട്ട് നൽകി. ദിലീപിനെതിരേ വിചാരണ നടത്താൻ മതിയായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്നാണ് ദിലീപിന്റെ വാദം. അതിനാൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നല്‍കിയത്. കൃത്യത്തിൽ ദിലീപിന് പങ്കില്ലെന്നും ഹർജിയിൽ ദിലീപിന്റെ അഭിഭാഷകൻ വാദിക്കുന്നു.

നടിയെ ആക്രമിച്ചകേസിലെ ഗൂഢാലോചനയിൽ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ സംഭവവുമായി ബന്ധപ്പെട്ടും നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങളും ഹർജിയിൽ പ്രതിപാദിക്കുന്നതിനാൽ ഹർജിയുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്ന് കോടതി വിലക്കിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ അടച്ചിട്ട കോടതിയിലാണ് വാദം കേട്ടത്.