ബംഗളുരു: പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് 2020 ഐ.എസ്.ആർ.ഒയ്ക്ക് ഏറ്റവും സംഭവബഹുലമായ വർഷമായി മാറാനാണ് സാദ്ധ്യത. 25 ദൗത്യങ്ങൾ ഈ വർഷം പൂർത്തിയാക്കാനാണ് ഐ.എസ്.ആർ.ഒ ഈ വർഷം പദ്ധതിയിടുന്നത്. കഴിഞ്ഞ വർഷം പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ദൗത്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ആദ്യമായി ഒരു ഇന്ത്യക്കാരനെ ചന്ദ്രനിൽ എത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള 'ഗഗൻയാൻ' പദ്ധതിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ളതായി ഐ.എസ്.ആർ.ഒ കണക്കാക്കുന്നത്. ബംഗളുരുവിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ ഐ.എസ്.ആർ.ഒ ചെയർപേഴ്‌സൺ കെ.ശിവനാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പരാജയപ്പെട്ട 'ചന്ദ്രയാൻ 2' ദൗത്യത്തിന് പകരമായി 'ചന്ദ്രയാൻ 3' എന്ന പേരിൽ പുതിയ ദൗത്യവും ഐ.എസ്.ആർ.ഒ ഉടൻ ആരംഭിക്കും. ചന്ദ്രനിൽ ലാൻഡർ ഇറക്കിയ ശേഷം പഠനങ്ങൾ നടത്തുക എന്ന ചന്ദ്രയാൻ 2ന്റെ അതേ ലക്ഷ്യം തന്നെയാണ് ചന്ദ്രയാൻ 3നുമുള്ളത്. ചന്ദ്രയാൻ 3 ദൗത്യം സംബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും കൃത്യമായി നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം 2021ലാണ് വിക്ഷേപണം ഉണ്ടാകുക എന്നും പറഞ്ഞു. ആദ്യമായി ഒരു ഇന്ത്യക്കാരനെ ചന്ദ്രനിൽ എത്തിക്കുക എന്ന ഐ.എസ്.ആർ.ഒയുടെ സ്വപ്നപദ്ധതിയും ഇതോടൊപ്പം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനായി പരിചയസമ്പന്നരായ നാല് ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരെയും ഐ.എസ്.ആർ.ഒ തിരഞ്ഞെടുത്ത് കഴിഞ്ഞു. ഇവർക്കായുള്ള പരിശീലനം റഷ്യയിൽ ഉടൻ തന്നെ ആരംഭിക്കുകയും ചെയ്യും. ഇതോടൊപ്പം, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പുതിയ ലോഞ്ച് പാഡ് സ്ഥാപിക്കാനും ഐ.എസ്.ആർ.ഒ പദ്ധതിയിടുന്നു. എസ്.എസ്.എൽ.വി(സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളുകൾ)റോക്കറ്റുകൾക്ക് വേണ്ടിയാണ് ഈ പാഡ് ഐ.എസ്.ആർ.ഒ നിർമിക്കുക. പദ്ധതികൾക്കുള്ള ചിലവിനായി 14,000 കോടി രൂപ വാർഷിക ബഡ്ജറ്റിൽ മാറ്റിവയ്ക്കണമെന്നും ഐ.എസ്.ആർ.ഒ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.