koodathai
koodathai,

വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം പൊലീസ് താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫ് (47) ആദ്യഭർത്താവ് പൊന്നാമറ്റത്തെ റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ 1800 പേജുള്ള കുറ്റപത്രമാണ് നൽകിയത്. വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലക്കിയാണ് റോയിയെ കൊലപ്പെടുത്തിയതെന്ന്‌ കുറ്റപത്രത്തിൽ പറയുന്നു.

ജോളിക്ക്‌ സയനൈഡ് എത്തിച്ച ജുവലറി ജീവനക്കാരൻ കക്കാട് കാക്കവയൽ മഞ്ചാടിയിൽ എം.എസ്.മാത്യു (44), മാത്യുവിന് സയനൈഡ് കൈമാറിയ സ്വർണപ്പണിക്കാരൻ താമരശ്ശേരി തച്ചംപൊയിലിൽ മുള്ളമ്പലത്തിൽ പ്രജികുമാർ (48), വ്യാജ ഒസ്യത്ത് ചമയ്ക്കാൻ ജോളിക്ക് സഹായം നൽകിയ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി കെ.മനോജ് എന്നിവരാണ് കേസിലെ രണ്ടു മുതൽ നാലു വരെ പ്രതികൾ. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ, രേഖകളില്ലാതെ വിഷം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ആറു വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

സയനൈഡുമായി ബന്ധപ്പെട്ട രാസപരിശോധനാഫലവും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റൂറൽ എസ്.പി കെ.ജി. സൈമൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 246 സാക്ഷികളുണ്ട് കേസിൽ. 22 തൊണ്ടിമുതലും 322 രേഖകളുമുണ്ട്.

ബലം ശാസ്ത്രീയ തെളിവുകൾ

ആറ് കൊലപാതകങ്ങളിൽ പോസ്റ്റ്മോർട്ടം നടന്ന ഏക കേസാണ് റോയി തോമസിന്റേത്. പൊന്നാമറ്റം വീട്ടിൽ 2011 സെപ്തംബർ 30 നായിരുന്നു കൊലപാതകം. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് ജോളി അറസ്റ്റിലായത്. അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുമെന്നിരിക്കെ ആ കാലാവധി തീരാൻ മൂന്നു നാൾ ബാക്കിയുള്ളപ്പോൾ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഒരു ദൃക്‌സാക്ഷി പോലുമില്ലെങ്കിലും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കേസിന് ബലം നൽകുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം. ജോളിയിൽ നിന്ന് കണ്ടെടുത്ത വ്യാജ ഒസ്യത്തിന്റെ രേഖകളും പ്രധാന തെളിവാകും. കുറ്റപത്രം മജിസ്ട്രേട്ട് കോടതി സ്വീകരിക്കുന്നതിന് പിറകെ വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്ക് അയയ്ക്കും.

ജോളിയുടെ ഇരകൾ

1.ആദ്യഭർത്താവ് റോയിയുടെ അമ്മ അന്നമ്മ

2.റോയിയുടെ അച്ഛൻ ടോം തോമസ്

3.റോയി തോമസ്

4.അന്നമ്മയുടെ സഹോദരൻ മാത്യു

5.ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫിൻ

6.ഷാജുവിന്റെ ആദ്യ ഭാര്യ സിലി