ബീജിംഗ്: ചൈനയുടെ ഷിൻജിയാങ് പ്രവിശ്യയിലാണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതലായി ഉള്ളത്. എന്നാൽ ഇവരോടുള്ള ചൈനീസ് സർക്കാരിന്റെ നയം അങ്ങേയറ്റം വിവേചനപരവും ക്രൂരവുമാണെന്നാണ് പുറത്തിവരുന്ന വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ന്യൂനപക്ഷങ്ങളിലെ പ്രമുഖരായ ഉയിഗുർ, കസാഖ് മുസ്ലീങ്ങളാണ് സർക്കാരിന്റെ ഈ വിവേചന നയങ്ങളുടെ ഏറ്റവും വലിയ ഇരകൾ. തങ്ങളുടെ മതവും വിശ്വാസങ്ങളും പിന്തുടരാൻ പോലും ഏറെക്കാലമായി ചൈനീസ് സർക്കാർ ഈ ജനതയെ അനുവദിക്കുന്നില്ല.
മതം പിന്തിരിപ്പനാണെന്ന വാദം ഉയർത്തിക്കൊണ്ട് ഇവരിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വളർത്താനും ദേശീയത അടിച്ചേൽപ്പിക്കാനുമാണ് ചൈന ഏറെനാളുകളായി ശ്രമിക്കുന്നത്. എന്നാൽ തങ്ങൾ സത്യത്തിൽ ചൈനയുടെ ഭാഗമല്ല എന്ന വാദമാണ് ഇവിടുത്തെ മുസ്ലിം ന്യൂനപക്ഷങ്ങൾ ഉയർത്തുന്നത്. ഒരേ ഭാഷ സംസാരിക്കുന്നവരും വംശീയമായി തുർക്കിഷ് ജനതയോട് ആഭിമുഖ്യം പുലർത്തുന്നവരുമാണ് ഇവർ.
'ഷിൻജിയാങ്'എന്ന വാക്കിന്റെ അർഥം പോലും 'പുതിയ പ്രദേശം' എന്നതാണ് എന്നിവർ പറയുന്നു. അതുകൊണ്ടുതന്നെ ഈ വാക്ക് തങ്ങൾക്ക് അപമാനകരമാണെന്നാണ് ഇവിടുത്തെ മുസ്ലിം ന്യൂനപക്ഷം കരുതുന്നത്. ഈ പേര് അവഗണിച്ചുകൊണ്ട് തങ്ങൾ താമസിക്കുന്ന പ്രദേശത്തെ 'കിഴക്കൻ തുർക്കെസ്‌ഥാൻ' എന്ന് ഇവർ വിളിക്കുന്നു. എന്നാൽ ഇവരുടെ മത, ദേശീയ വികാരങ്ങളെ അടിച്ചമർത്തികൊണ്ട്, ഇവരെ വെറും തൊഴിലാളികളായും അടിമകളായും മാത്രമാണ് ചൈനീസ് സർക്കാർ കാണുന്നത്. ഫാക്ടറി തൊഴിലാളികളായും, ചെരുപ്പ് തുന്നുന്നവരായും, തെരുവ് അടിച്ചുവാരുന്നവരും ഇവരെ വാർത്തെടുക്കുകയാണ് സർക്കാർ.
ജോലി ചെയ്യാൻ വിസമ്മതിക്കുന്നവരെ അധികൃതർ ശിക്ഷകൾ നൽകുകയും ചെയ്യും. ന്യൂനപക്ഷങ്ങളിൽ പെട്ട കുട്ടികളെ പോലും വെറുതെ വിടാൻ ചൈന ഒരുക്കമല്ല. കുട്ടികളെ മാതാപിതാക്കളിൽ നിന്നും അകറ്റി, കമ്യൂണിസ്റ്റ്, മതവിരുദ്ധ ആശയങ്ങൾ അടിച്ചേൽപ്പിച്ച്, പ്രതിരോധത്തിന്റെ കണിക പോലും അവശേഷിപ്പിക്കാതെ, സർക്കാരിന് പൂർണമായും വിധേയരായ പൗരന്മാരായി കുട്ടികളെ ചൈന രൂപപ്പെടുത്തിയെടുക്കുന്നു. ന്യൂനപക്ഷങ്ങൾ മടിയന്മാരും, വർഗീയത പരത്തുന്നവരും, രാജ്യത്തിനായി പ്രവർത്തിക്കാത്തവരുമാണെന്ന വാദമാണ് അതിക്രമത്തെ ന്യായീകരികരിക്കാനായി ചൈന കണ്ടെത്തുന്ന കാരണങ്ങൾ.
മാത്രവുമല്ല, ജോലിക്കാർ എന്ന് വിളിക്കാതെ ഇവരെ 'വോളന്റിയർമാർ' എന്നും സർക്കാർ വിശേഷിപ്പിക്കുന്നു. ഇത്തരത്തിൽ ലക്ഷക്കണക്കിന് ന്യൂനപക്ഷക്കാരാണ് ചൈനയിൽ അടിമ ജോലികൾ ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പികുന്നത്. ലോകത്താകമാനമുള്ള മനുഷ്യാവകാശ സംഘടനകൾ ചൈനയുടെ ഈ സമീപനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പിന്നോട്ട് പോകാൻ സർക്കാർ ഇനിയും തയാറായിട്ടില്ല.