gst-collection

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് ആശ്വാസം പകർന്ന്, ജി.എസ്.ടി സമാഹരണം വീണ്ടും ഒരുലക്ഷം കോടി രൂപ കടന്നു. ഡിസംബറിൽ നേടിയത് 1.03 ലക്ഷം കോടി രൂപയാണ്. നവംബറിലും 1.03 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു. നടപ്പു സാമ്പത്തിക വർഷം (2019-20) സമാഹരണം ജൂലായിലും മേയിലും ഒരുലക്ഷം കോടി കവിഞ്ഞിരുന്നു. 1.02 ലക്ഷം കോടി രൂപയാണ് ജൂലായിൽ സമാഹരിച്ചത്. മേയിൽ ഒരുലക്ഷം കോടി രൂപയും. കഴിഞ്ഞവർഷം ഡിസംബറിൽ ലഭിച്ചത് 94,726 കോടി രൂപയാണ്.

ആഭ്യന്തര ഉപഭോഗവും സാമ്പത്തിക ഇടപാടുകളും മെച്ചപ്പെടുന്നു എന്നതിന്റെ സൂചനയായാണ് ജി.എസ്.ടി വരുമാനം വീണ്ടും ഒരുലക്ഷം കോടി രൂപ കടന്നതിനെ കേന്ദ്രസർക്കാർ കാണുന്നത്. കഴിഞ്ഞമാസത്തെ വരുമാനത്തിൽ 19,962 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും (സി.ജി.എസ്.ടി) 26,792 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും (എസ്.ജി.എസ്.ടി) 48,099 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ് (ഐ.ജി.എസ്.ടി). സെസ് ഇനത്തിൽ 8,331 കോടി രൂപയും ലഭിച്ചു. 81.21 ലക്ഷം ജി.എസ്.ടി.ആർ - 3ബി റിട്ടേണുകളും കഴിഞ്ഞമാസം സമർ‌പ്പിക്കപ്പെട്ടു.

₹1.10 ലക്ഷം കോടി

നടപ്പു സാമ്പത്തിക വർഷം (2019-20) അവശേഷിക്കുന്ന മാസങ്ങളിൽ (ജനുവരി-മാർച്ച്) ശരാശരി 1.10 ലക്ഷം കോടി രൂപ ജി.എസ്.ടിയായി സമാഹരിക്കുകയാണ് കേന്ദ്ര ലക്ഷ്യം. ഇതിനായി പരിശ്രമിക്കണമെന്ന് നികുതി വകുപ്പിനോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.