
ലക്നൗ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഹെൽമറ്റില്ലാതെ സ്‌കൂട്ടറിൽ കൊണ്ടുപോയതിന് പിഴ ഈടാക്കിയ സംഭവത്തിൽ പിഴ താൻ ഒറ്റയ്ക്ക് അടച്ചോളം എന്ന് സ്‌കൂട്ടറുടമ രാജ്ദീപ് സിംഗ്. വിരമിച്ച ഐ.പി.എസ് ഉദ്യേഗസ്ഥന്റെ വീട്ടിൽ ദരാപുരിയുടെ വസതിയിലേക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പാർട്ടി പ്രവർത്തകനും എം.എൽ.എയുമായ ധീരജ് ഗുർജാർ കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം പോളിടെക്‌നിക്കിലേക്ക് പോകുന്നതിനിടെയാണ് പ്രിയങ്കാ ഗാന്ധിയെയും ധീരജ് ഗുർജാറിനേയും കണ്ടത്. തുടർന്ന് ധീരജ് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രിയങ്ക ഗാന്ധിക്കായി തന്റെ സ്‌കൂട്ടർ നൽകിയതെന്നാണ് രാജ്ദീപ് പറയുന്നത്. 'കഴിഞ്ഞ ദിവസം ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ധീരജിനമേൽ യു.പി പൊലീസ് 6100 രൂപ പിഴ ചുമത്തിയതറിഞ്ഞു. അദ്ദേഹത്തിന് ചുമത്തിയ പിഴ തുക കോൺഗ്രസോ പ്രിയങ്കയോ അടയ്‌ക്കേണ്ടതില്ല. അത് ഞാൻ അടച്ചോളാം.' രാജ്ദീപ് പറയുന്നു.
പ്രിയങ്ക ഗാന്ധിക്ക് ലിഫ്റ്റ് നൽകിയ ഗുർജാറിന് 6100 രൂപ പൊലീസ് പിഴയിട്ടിരുന്നു. രാജസ്ഥാനിലെ ജഹസ്പൂർ മണ്ഡലത്തിലെ എം.എൽ.എയാണ് ഗുർജാർ. ഡ്രൈവിംഗ് ലൈസൻസ് കാണിക്കാതിരുന്നതിന് 2500 രൂപ, ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപ, ട്രാഫിക്ക് നിയമം പാലിക്കാത്തതിന് 300 രൂപ, നമ്പർ പ്ളേറ്റിലെ പിഴവിന് 300 രൂപ, ശ്രദ്ധയില്ലാതെ വാഹനമോടിച്ചതിന് 2500 രൂപ എന്നിങ്ങനെയാണ് ഗുർജാറിന് പിഴ ലഭിച്ചത്.