ന്യൂഡൽഹി: മുഖ്യ വ്യവസായ മേഖല നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ എട്ട് മാസക്കാലത്ത് നേടിയ വളർച്ച വട്ടപ്പൂജ്യം! 2018-19 ഏപ്രിൽ-നവംബറിൽ വളർച്ച 5.1 ശതമാനമായിരുന്നു. കഴിഞ്ഞ നാലുമാസം തുടർച്ചയായി നെഗറ്റീവ് വളർച്ചയാണ് ഈ മേഖല കാഴ്‌ചവയ്ക്കുന്നത്. നവംബറിലെ വളർച്ച ഒക്‌ടോബറിലെ മൈനസ് 5.8 ശതമാനത്തിൽ നിന്ന് നെഗറ്രീവ് 1.5 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു എന്നത് മാത്രമാണ് ആശ്വാസം.
വ്യാവസായിക ഉത്‌പാദനം മെല്ലെ നേട്ടത്തിലേറുന്നതിന്റെ സൂചനയായി ഇതിനെ കാണാം. ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) 40.27 ശതമാനം പങ്കുവഹിക്കുന്നത് എട്ട് സുപ്രധാന വിഭാഗങ്ങൾ അടങ്ങിയ മുഖ്യ വ്യവസായ മേഖലയാണ്. കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, വളം, സിമന്റ്, വൈദ്യുതി, സ്‌റ്രീൽ, റിഫൈനറി ഉത്‌പന്നങ്ങൾ എന്നിവയാണവ. വളം, സിമന്റ്, റിഫൈനറി ഉത്‌പന്നങ്ങൾ എന്നിവയാണ് നവംബറിൽ വളർച്ച മെച്ചപ്പെടുത്തിയത്.