ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിൽനിന്ന് ഒരു സംസ്ഥാനത്തിനും രക്ഷപ്പെടാൻ സാധിക്കില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയമം നടപ്പാക്കില്ലെന്ന് പ്രമേയം അവരെ അവതരിപ്പിച്ച് പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് നിയമമന്ത്രിയുടെ പ്രതികരണം.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പല സംസ്ഥാന സർക്കാരുകളും വോട്ട്ബാങ്ക് രാഷ്ട്രീയം കാരണം പരസ്യമായി പ്രസ്താവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ദയവായി ശരിയായ നിയമോപദേശം സ്വീകരിക്കൂ. വിദേശികൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട നിയമം പാസാക്കാൻ പാർലമെന്റിന് പൂർണ അധികാരമുണ്ടെന്ന് 256-ാം അനുച്ഛേദവും മറ്റ് വ്യവസ്ഥകളും വ്യക്തമാക്കുന്നുണ്ടെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.
പാർലമെന്റ് പാസാക്കിയ നിയമം സംസ്ഥാനങ്ങൾ അനുസരിക്കണമെന്നാണ് ഭരണഘടനയുടെ 256-ാം അനുച്ഛേദം പറയുന്നതെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാണിച്ചു. ഇവ വ്യക്തമായ ഭരണഘടനാപരമായ ബാധ്യതയാണ്. രണ്ട് സഭകളും പൗരത്വ നിയമ ഭേദഗതി ചർച്ച ചെയ്യുകയും പാസാക്കുകയും ചെയ്തതാണ്. ഒരു രക്ഷയുമില്ല, നിയമം നടപ്പാക്കിയേ മതിയാകൂവെന്ന് അദ്ദേഹം പറഞ്ഞു.