തിരുവനന്തപുരം: കണ്ണൂരിലെ ചരിത്ര കോൺഗ്രസ് പരിപാടിയിൽ ഗവർണർക്ക് എതിരെ നടന്ന പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഇന്റലിജൻസ് മേധാവിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. വേദിയിൽ അനിഷ്ട സംഭവങ്ങളുണ്ടാകാൻ കാരണം സംഘാടകരുടെ പിഴവാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രാസംഗികരെ തീരുമാനിച്ചത് സംഘാടകരാണ്. പൊലീസ് സുരക്ഷ ഒരുക്കിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തനിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഗവർണർവിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷയൊരുക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞിട്ടും കരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും ഗവർണർ ആരോപിച്ചിരുന്നു.
ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയും ഗവർണർ തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ ചരിത്ര കോൺഗ്രസ് കണ്ണൂർ സർവകലാശാലയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഗവർണർക്കെതിരെ പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിനിധികൾപ്രതിഷേധിച്ചത്. തുടർന്ന് ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കാതെ ഗവർണർ മടങ്ങുകയായിരുന്നു.