real-estate-

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ളാറ്റ് നിർമാണത്തിന് പുതിയ മാനദണ്ഡങ്ങൾ നടപ്പിലായി. കേരളാ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി (കെ.ആർ.ഇ.ആർ.എ) നിലവിൽ വന്നതോടെ ഒട്ടേറെ നിയന്ത്രണങ്ങളാണ് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വരുന്നത്. മരടിലെ തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള ഫ്ളാറ്റുകൾ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് നിർമ്മാതാക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ.ആർ.ഇ.ആർ.എ ഉദ്ഘാടനം ചെയ്തത്.

ഇനി മുതൽ എട്ട് അപ്പാർട്ട്‌മെന്റിൽ കൂടുതലുള്ള കെട്ടിടം, 500 ചതുരശ്ര മീറ്ററിലോ അതിൽ കൂടുതൽ ഭൂമിയിലോ ഉള്ള റിയൽ എസ്‌റ്റേറ്റ് പദ്ധതി എന്നിവ അതോറിട്ടിയിൽ രജിസ്റ്റർ ചെയ്യണം. ഏജന്റുമാരും രജിസ്റ്റർ ചെയ്യണം. നിയമ ലംഘനങ്ങളെക്കുറിച്ച്‌ ഇമെയിൽ വഴി പരാതി നല്‍കാം. തിരുവനന്തപുരം സ്വരാജ് ഭവനിലാണ് അതോറിട്ടിയുടെ ആസ്ഥാനം.


ഇതിനകം രജിസ്റ്റർ ചെയ്ത പ്രോജക്ടുകളുടെയും ഏജന്റുമാരുടെയും സർട്ടിഫിക്കറ്റുകളും ഇന്ന് വിതരണം ചെയ്തു.
പ്രമോട്ടർമാർ ഇനി മുതൽ വിൽപ്പന കരാറുകൾഔദ്യോഗിക ഫോമിൽ മാത്രം നൽകണം. ഉപയോക്താക്കൾ നൽകിയ മുൻകൂർ തുകയുടെ 70ശതമാനം പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. മൂന്ന് മാസം കൂടുമ്പോൾ പദ്ധതിയുടെ പുരോഗതിയും ബുക്കിംഗ് വിവരങ്ങളും ഓൺലൈന്‍ വഴി അറിയിക്കണം.

ഫ്ലാറ്റോ വില്ലകളോ കൈമാറുന്നതുവരെയുള്ള ഇൻഷ്വറൻസ് ചുമതല പ്രമോട്ടർ ഏറ്റെടുക്കണം. ഉടമകൾക്ക് ഒക്യുപൻസി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ രേഖകളുടെയും പകർപ്പ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. പദ്ധതി വൈകുന്നതിന് ഉൾപ്പെടെ ഉടമകൾക്കു നഷ്ടപരിഹാരം നല്‍കണം.


പ്രമോട്ടർമാർ വില്‍പ്പനക്കരാർ ഒപ്പിടുന്നതുവരെ ആകെ തുകയുടെ 10 ശതമാനത്തിൽ കൂടുതൽ മുൻകൂർ വാങ്ങരുത്.

നിർമാണഘട്ടം പൂർത്തിയായതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ ബാങ്ക് അക്കൗണ്ടിൽനിന്ന് മുൻകൂര്‍ തുക പിൻവലിക്കരുതെന്ന് മാത്രമല്ല, ഉടമകളുടെ അംഗീകാരമില്ലാതെ പ്ലാനിലോ ഘടകങ്ങളിലോ മാറ്റം വരുത്തുകയുമരുത്. ഉടമകൾക്ക് പ്ലാൻ, ലേ ഔട്ട് ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പും നിർമാണപുരോഗതിയുടെ സമയക്രമവും രേഖാമൂലം വാങ്ങാം. വില്‍പനക്കരാറിലെ നിബന്ധനകൾ തെറ്റിച്ചാൽനഷ്ടപരിഹാരം ഈടാക്കാൻ അവകാശവും നല്‍കിയിട്ടുണ്ട്. പി.എച്ച്‌ കുര്യനാണ് അതോറി

ട്ടി ചെയർമാൻ.