തിരുവനന്തപുരം: ഇന്നും നാളെയും ഈ നഗരത്തിലെ താരങ്ങൾ പ്രവാസികളാണ്. 47രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പ്രവാസികളെ പ്രതിനിധീകരിച്ച് 351 പ്രതിനിധികൾ ലോകകേരള സഭയിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ചുരുക്കത്തിൽ
'ലോക കേരളം' തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്. പ്രവാസികളുടെ ഉത്സവത്തിനാണ് തലസ്ഥാനം വേദിയാവുന്നത്. പ്രവാസി സമൂഹത്തിനു സ്വദേശത്തിനും പുറംലോകത്തിനും ഇടയിലെ പാലമാണ് ലോകകേരളസഭ. പ്രളയവും ഉരുൾപൊട്ടലും പ്രകൃതിദുരന്തങ്ങളും തകർത്ത നാടിനെ പുനർനിർമ്മിക്കാനുള്ള ശ്രമകരമായ ദൗത്യത്തിന് പ്രവാസികളുടെ പിന്തുണയും കേരളത്തെ സംരംഭക സൗഹൃദമാക്കാൻ പ്രവാസി നിക്ഷേപവുമാണ് സർക്കാർ തേടുന്നത്. ലോകകേരള സഭയിലെ പ്രതിനിധികളെല്ലാം നഗരത്തിലെത്തിയിട്ടുണ്ട്. ഭൂരിഭാഗം പേരും പുതുവത്സരം ആഘോഷിച്ചത് കോവളത്താണ്. നിയമസഭാ മന്ദിരത്തിലെ നവീകരിച്ച ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോകകേരള സഭയുടെ മുഖ്യവേദി.
ഒന്നാം ലോക കേരളസഭയിലുണ്ടായ 9 പ്രധാന തീരുമാനങ്ങളിൽ ഏഴെണ്ണവും സർക്കാർ നടപ്പാക്കിത്തുടങ്ങി. പ്രവാസി നിക്ഷേപവുമായി ബന്ധപ്പെട്ടു പ്രവാസി നിക്ഷേപ കമ്പനിയുടെ രൂപീകരണം, പ്രവാസി സഹകരണ സംഘത്തിന്റെ രൂപീകരണം, പ്രവാസി ബാങ്കിന്റെ രൂപീകരണം, പ്രവാസി നിർമ്മാണ കമ്പനിയുടെ രൂപീകരണം, പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ടു സ്ത്രീ പ്രവാസി സെല്ലിന്റെ രൂപീകരണവും തിരിച്ചെത്തിയ പ്രവാസികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് ലഭ്യമാക്കലും, പ്രവാസി ഫെസിലിറ്റേഷൻ സെന്ററിന്റെയും പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ സെന്ററിന്റെയും രൂപീകരണം, നൈപുണ്യ വികസനവുമായി ബന്ധപ്പെട്ടു നൈപുണ്യ വികസനത്തിനായുള്ള ഹൈപവർ കമ്മിറ്റിയുടെ രൂപീകരണം, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രത്തിന്റെ രൂപീകരണം, കല-സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ടു പ്രവാസി യുവജനോത്സവം, പ്രവാസികൾക്കായി ആനുകാലിക പ്രസിദ്ധീകരണം ആരംഭിക്കുക എന്നിവയാണവ.
ഇതിൽ പ്രവാസി ബാങ്കും പ്രവാസി യുവജനോത്സവവും ഒഴിച്ച് മറ്റു ഏഴു നിർദ്ദേശങ്ങളും നടപ്പാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. പ്രവാസികളുടെ ക്ഷേമം, പുനരധിവാസം തുടങ്ങിയവ ഉറപ്പുവരുത്താൻ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനി രൂപീകരിച്ചു. പ്രവാസി നിക്ഷേപം കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താൻ പ്രവാസി ഡിവിഡന്റ് പദ്ധതിയും നടപ്പാക്കി. പ്രവാസിക്ഷേമ ബോർഡ് വഴി സ്വീകരിക്കുന്ന നിക്ഷേപങ്ങൾ കിഫ്ബിയുടെയും സർക്കാരിന്റെയും വിഹിതങ്ങൾ ചേർത്ത് സർക്കാർ ഗാരന്റിയോടെ നിക്ഷേപകർക്ക് 10ശതമാനം ഡിവിഡന്റ് ലഭിക്കുന്ന പദ്ധതിയാണിത്. നാലാം വർഷം മുതൽ ഡിവിഡന്റ് നിക്ഷേപകർക്ക് ലഭിക്കും. പ്രവാസി ക്ഷേമബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവുമാക്കും. ഇതിലേക്കുള്ള സംസ്ഥാന വിഹിതം വർദ്ധിപ്പിക്കും.
ഇത്തവണത്തെ ലോകകേരളസഭയ്ക്ക് സ്ഥിരം സ്വഭാവമുണ്ട്. എല്ലാ അംഗങ്ങളും ഒരുമിച്ച് പിരിഞ്ഞ് സഭ ഇല്ലാതാകില്ല, പകരം സമ്മേളനങ്ങളുടെ ഇടവേളയിൽ പിരിയുന്ന അംഗങ്ങൾക്ക് പകരം പുതിയ അംഗങ്ങളെത്തും. ഇടവേളയിൽ വിവിധ ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും പുതിയ ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുന്നതിനും പിന്നീട് ചേരുന്ന സഭാ സമ്മേളനത്തിനു കഴിയും. സഭയിൽ ചർച്ച ചെയ്യുന്ന കാര്യങ്ങളിൽ മിക്കതിനും നയപരമായ തീരുമാനങ്ങളും നിയമനിർമ്മാണവും ആവശ്യമുള്ളവയാണ്. ഈ പ്രവർത്തനങ്ങൾ ലോകകേരള സഭയുടെ സെക്രട്ടേറിയറ്റ് ഏകോപിപ്പിക്കും. സെമിനാറുകൾ, കരടുനിയമങ്ങൾ തയ്യാറാക്കൽ, അന്തർദേശീയ ഏജൻസികളുമായി സഹകരിച്ചുള്ള പഠനങ്ങൾ എന്നിവയുണ്ടാവും. പ്രധാനപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരും ലോകകേരള സഭയിലെ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. സഭാംഗങ്ങൾ പറയുന്ന കാര്യങ്ങളോട് പ്രതികരിക്കുക മാത്രമല്ല, സ്വന്തം നിലയ്ക്ക് പദ്ധതി നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നതിനും വകുപ്പുകളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകകേരള സഭയിൽ എന്തൊക്കെ?
l മുഖ്യലക്ഷ്യം വിദേശത്ത് കേരളീയരുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുക എന്നതാണ്. വിദേശത്തെ ആയിരക്കണക്കിന് കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കും, പുതിയവ തുടങ്ങാൻ സഹായിക്കും
l സർക്കാർ ഉത്തരവിലൂടെ സഭ നടത്തുന്നതിന് പകരം ലോകകേരളസഭാ നിയമം യാഥാർത്ഥ്യമാക്കും. ഇതിനുള്ള കരട്ബില്ല് തയ്യാറാക്കും. ഇതിലൂടെ സഭയ്ക്ക് നിയമപരമായ ഉറപ്പും ഊർജവും ലഭിക്കും.
l കുടിയേറ്റത്തെയും അഭയാർത്ഥികളെയും സംബന്ധിച്ച ചർച്ചകളുണ്ടാവും. പ്രവാസികളുടെ പൗരാവകാശങ്ങൾ, തൊഴിലവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവ സംരക്ഷിക്കാനുള്ള പദ്ധതികളുണ്ടാക്കും.
l ഭാവിയിലെ പ്രവാസത്തിന്റെ ഗുണനിലവാരം ഉയർത്തും. ലോകതൊഴിൽ വിപണിക്കനുസൃതമായ അവസരങ്ങൾ ലഭ്യമാക്കും. നൈപുണ്യപരിശീലനം, ഭാഷാപഠനം ഉറപ്പാക്കും.
l തിരിച്ചെത്തുന്ന പ്രവാസികൾക്കു തൊഴിലും സ്വയം തൊഴിൽ സംരംഭങ്ങളും തുടങ്ങുന്നതിന് കൂടുതൽ സഹായംനൽകും. തൊഴിലാളികളെയും, തൊഴിൽദാതാക്കളെയും ബന്ധപ്പെടുത്തുന്ന സ്ഥാപനം തുടങ്ങും
l സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കു വായ്പ, സഹകരണ സംഘമോ മറ്റു കൂട്ടായ്മകളോ രൂപീകരിച്ചു മുന്നേറാനുള്ള സഹായം, മറ്റു രൂപത്തിലുള്ള കൈത്താങ്ങ് എന്നിവ സർക്കാർ നൽകും.
l പ്രവാസികളിൽ നിക്ഷേപം വളർത്താൻ പ്രവാസിചിട്ടി, പ്രവാസി ഡിവിഡന്റ്, ബോണ്ട് എന്നിവ ശക്തമാക്കും. പ്രവാസി നിക്ഷേപ കമ്പനിയിലും നിക്ഷേപം നടത്താനാവും.
l മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പഠിക്കും. ഭരണഘടനയുടെയും നിയമത്തിന്റെയും പരിധിക്കുള്ളിൽനിന്ന് എന്തൊക്കെ ചെയ്യാമെന്ന് കണ്ടെത്തും.