തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മുറജപത്തിന്റെ ഏഴുമുറകളിൽ ആറാംമുറയ്ക്ക് പദ്മതീർത്ഥക്കരയിലെ ജലജപത്തോടെ തുടക്കമായി.ശ്രീപദ്മനാഭ സ്വാമിയുടെയും തെക്കേടത്ത് നരസിംഹ മൂർത്തിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും ശീവേലി എഴുന്നെള്ളിച്ചതോടെയാണ് അഞ്ചാം മുറയ്ക്ക് സമാപനമായത്.ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തിൽ വിവിധ ദേശങ്ങളിൽ നിന്നെത്തിയ വേദ പണ്ഡിതന്മാർ വേദജപം,മന്ത്രജപം,സഹസ്രനാമജപം,ജലജപം എന്നിങ്ങനെയുള്ള ഉപാസനകൾ മുറപോലെ ഉരുവിട്ടു.രാവിലെ 6.30ന് തുടങ്ങിയ മന്ത്രോച്ഛാരണം 10.30വരെ നീണ്ടു.ആറാം മുറജപം ജനുവരി 7ന് സമാപിക്കും 8ന് ആരംഭിക്കുന്ന അവസാനത്തെ ഏഴാം മുറജപം 15ന് സമാപിക്കും.ഇതോടെ ആറു വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് സമാപനമാകും.
മുറജപത്തിന്റെ സമാപന ദിവസവും ഉത്തരായന ആരംഭവും മകരം ഒന്നും ചേർന്ന ജനുവരി 15നാണ് ലക്ഷദീപം. രാത്രി മകര ശീവേലിയും ഉണ്ടായിരിക്കും.ലക്ഷദീപത്തിന് മന്നോടിയായി ശീവേലിപ്പുരയിൽ അധികം ദീപച്ചാർത്ത് ഒരുക്കിയിട്ടുണ്ട്.മുകളിലും വശത്തും വൈദ്യുതദീപങ്ങളാണ്.ലക്ഷദീപം കാണാനും ക്ഷേത്രത്തിൽ നടക്കുന്ന മകരശീവേലി തൊഴാനും 21,000 പേർക്കാണ് പാസ് നൽകിയിട്ടുള്ളത്.ക്ഷേത്രത്തിലെ ശീവേലിപ്പുരയ്ക്ക് ഇരുവശത്തും ഭക്തർക്ക് ശീവേലി കാണാനുള്ള സൗകര്യമൊരുക്കും.
മുറജപത്തോടനുബന്ധിച്ചുള്ള പന്ത്രണ്ട് കളഭം ക്ഷേത്ര തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നുണ്ട്.ഇത് ജനുവരി എട്ടു വരെയാണ്.പതിവായി നടക്കുന്ന മാർകളി കളഭം തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.56 ദിവസം നീണ്ടുനിൽക്കുന്ന മുറജപത്തിന്റെ ആദ്യമുറ നവംബർ 21നാണ് ആരംഭിച്ചത്.
ദേശീയ വേദ സമ്മേളനത്തിന് ഇന്ന് തുടക്കം
മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ വേദ സമ്മേളനത്തിന് ഇന്ന് രാവിലെ 9.30 ന് പാഞ്ചജന്യം കല്യാണമണ്ഡപത്തിൽ തുടക്കമാകും. 5 വരെയാണ് സമ്മേളനം.ഓരോ ദിവസവും ഋക്,യജുർ, സാമം,അഥർവ വേദങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതർ പ്രബന്ധങ്ങളും പ്രഭാഷണവും അവതരിപ്പിക്കും.ഉദ്ഘാടന സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.