കുടംപുളി ആരോഗ്യഗുണങ്ങളിൽ കേമനാണെന്നറിയാമല്ലോ. കുടംപുളി ചേർത്ത് തിളപ്പിച്ചെടുത്ത പാനീയത്തിന് രോഗം ശമിപ്പിക്കാനും ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനും അത്ഭുതകരമായ കഴിവുണ്ട്. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ അലിയിച്ച് കളയുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.
ശരീരത്തിന് ഉന്മേഷവും ഉണർവും പകരും. കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ദഹനം സുഗമമാക്കി ദഹനേന്ദ്രിയത്തെ ആരോഗ്യത്തോടെ നിലനിറുത്തും. അസിഡിറ്റിയെ പ്രതിരോധിക്കും. വിശപ്പു കുറയ്ക്കുന്നത് കാരണം അമിതഭക്ഷണം ഒഴിവാക്കിയും ഭാരം നിയന്ത്രിക്കാം. കൊഴുപ്പിനെ ഊർജമാക്കി മാറ്റുന്നതിനാൽ കായികാദ്ധ്വാനത്തിന് കരുത്ത് പകരും. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിയ്ക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഔഷധമാണിത്. ടോക്സിനുകൾ നീക്കുന്നതിനാൽ കരളിന്റെ ആരോഗ്യം സംരക്ഷിക്കും.
മൂന്ന് കുടംപുളി രാത്രിയിൽ (ആറ് മണിക്കൂറെങ്കിലും) ഒരു ഗ്ലാസ് വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ രണ്ട് ഗ്ലാസ് വെള്ളം ചൂടാക്കി ഇതിലേക്ക് കുതിർത്ത കുടംപുളിയും അതിലുള്ള വെള്ളവും ചേർക്കുക. തിളപ്പിച്ച് തണുത്ത ശേഷം ഭക്ഷണത്തിന് മുൻപ് കഴിക്കാം.