തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശി കാരണമാണ് കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല യുവതിപ്രവേശ വിഷയം വിവാദമാക്കിയതെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. കണ്ണൂർ ജില്ലക്കാരനല്ലാത്തതിനാലാണ് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് കാലാവധി നീട്ടിനൽകാതിരുന്നതെന്നും പദ്മകുമാർ തുറന്നടിച്ചു.പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുത്തുന്ന പീഡനങ്ങളാണ് കഴിഞ്ഞകാലങ്ങളിലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് സുപ്രീം കോടതി വിധി വന്നയുടൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിരുന്നു. പ്രത്യാഘാതങ്ങൾ എറെയുള്ളതിനാൽ ഇക്കാര്യത്തിൽ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നെന്നും പദ്മകുമാർ സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ നടന്ന സംഘടനാചർച്ചയിൽ പറഞ്ഞു.
മാസപൂജക്കാലത്തു മാത്രം യുവതീപ്രവേശം അനുവദിക്കുന്നത് ആലോചിക്കണമെന്നും നിർദേശിച്ചു. ഇങ്ങനെയായാൽ സംഘർഷം ഒഴിവാക്കാനാകുമെന്ന് ചിലരുടെ ഉറപ്പ് തനിക്കു ലഭിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഇതെല്ലാം തള്ളിയെന്നും പദ്മകുമാർ ആരോപിച്ചു. അതേസമയം, പദ്മകുമാറിന്റെ ആരോപണങ്ങൾ പാർട്ടിനേതൃത്വത്തിൽ ചർച്ചയായിട്ടുണ്ട്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി നീട്ടിനൽകാത്ത സർക്കാർ നടപടിയെയും പദ്മകുമാർ രൂക്ഷമായി വിമർശിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി നീട്ടിക്കൊടുത്ത മുൻ ബി.ജെ.പി. നേതാവ് ഒ.കെ. വാസുവിനു നൽകിയ പരിഗണനപോലും തനിക്ക് കിട്ടിയില്ലെന്ന് പദ്മകുമാർ പറഞ്ഞു.