'ഞാൻ നോക്കാം.'
ശ്രീനിവാസകിടാവ് മുറിയിലേക്ക് കയറി. അയാളുടെ കൈയിൽ ഒരിഞ്ചുകനവും രണ്ടരയടി നീളവുമുള്ള ഒരു ഇരുമ്പുകമ്പി ഉണ്ടായിരുന്നു.
കോവിലകത്തെ സ്റ്റോറിൽ നിന്ന് എടുത്തതാണത്.
പരുന്തിനെ മുന്നിൽ കണ്ടാൽ ഒറ്റയടിക്ക് ശിരസ്സു പിളർത്തുക. അതായിരുന്നു തീരുമാനം.
കിടാവ് തപ്പിത്തടഞ്ഞ് ഭിത്തിയിലെ ലൈറ്റിട്ടു. പിന്നെ ചുറ്റും തിരഞ്ഞു. ശേഖരനും അകത്തേക്ക് തലനീട്ടി.
മുറിക്കുള്ളിൽ ആരും ഉണ്ടായിരുന്നില്ല.
''നാശംപിടിച്ചവൻ.... പിന്നെങ്ങോട്ടുപോയി?"
നിധി നഷ്ടമാകുന്നതിനെക്കുറിച്ച് ശേഖരന് സങ്കല്പിക്കാനേ വയ്യ.
''തട്ടിൻപുറം വഴി അവൻ പോയിട്ടില്ല ശേഖരാ. ഒാരോ മുറിയിലും തപ്പണം. കോവിലകത്തിനുള്ളിൽത്തന്നെ അവനുണ്ട്."
കിടാവ് ഉറപ്പിച്ചു പറഞ്ഞു.
അവർ മറ്റൊരു ഭാഗത്തേക്ക് നീങ്ങി.
അരമണിക്കൂറിനുശേഷം
പരുന്ത് റഷീദിന്റെ ശിരസ്സിൽ നിന്ന് ആ സാധനം മാറ്റപ്പെട്ടു.
കണ്ണുകൾ ചിമ്മിത്തുറന്ന് അയാൾ നോക്കി. ഒരു കരിപിടിച്ച പഴയ കലം!
നല്ല നിലാവുണ്ട്.
വെള്ളം കുത്തിയൊഴുകുന്നതിന്റെ ശബ്ദം തൊട്ടടുത്തുകേട്ടു.
ഭീതിയോടെ പരുന്ത് ചുറ്റുംനോക്കി.
''ങ്ഹേ?"
അയാളിൽ ഒരു ഞെട്ടൽ....
ആഢ്യൻപാറയിലാണ് താൻ. പാഞ്ചാലിയെ തീ കൊളുത്തികൊന്ന അതേ പാറയിൽ.
തനിക്ക് ചുറ്റും അൻപതോളംപേർ കാണും. കറുത്ത വേഷങ്ങൾ. അകലെനിന്ന് നോക്കിയാൽ 'പെൻഗ്വിനു'കൾ ആണെന്ന് തോന്നും.
''ആരാ... നിങ്ങളൊക്കെ?" ശ്വാസംവലിച്ച് വിട്ടുകൊണ്ട് പരുന്ത് ചുണ്ടനക്കി.
അതിനുള്ള ഉത്തരത്തിന് പകരം അവരിൽനിന്ന് വന്നത് മറ്റൊരു ചോദ്യം.
പണ്ട് വിവേക് എന്നൊരു ചെറുപ്പക്കാരനെ ബലമായി ഇവിടെ പിടിച്ചുകൊണ്ടുവന്നവരുടെ കൂട്ടത്തിൽ നീയും ഇല്ലായിരുന്നോടാ?"
പരുന്ത് പകച്ചു.
വിവേകിനെ അയാൾ ഓർത്തു.
അവന്റെ സൈക്കിൾ റോഡ് സൈഡിലേക്കു വലിച്ചെറിഞ്ഞിട്ട് താനും അണലി അക്‌ബറും കൂടി കാറിലേക്കു വലിച്ചുകയറ്റിയത്...
പിന്നെ മയക്കുമരുന്ന് ഇൻജക്ട് ചെയ്തിട്ട് ആഢ്യൻപാറയുടെ മുകൾപ്പരപ്പിലെ പാർക്കിംഗ് ഏരിയയിൽ കൊണ്ടുവിട്ടത്...
''എന്താടാ മിണ്ടാത്തത്?"
കറുത്ത വേഷങ്ങളെ ഇരുവശത്തേക്കും നീക്കി മുന്നോട്ടുവന്ന ഒരാളാണ് അത് തിരക്കിയത്.
പരുന്ത് അയാളെ സൂക്ഷിച്ചുനോക്കി.
ശിരസ്സിനെ ചുറ്റി ഒരു കറുത്ത തുണിയുണ്ട്. അതിന്റെ മുൻഭാഗം താഴേക്കു നീണ്ടിരിക്കുന്നതിനാൽ നിലാവെളിച്ചം നിഴലായി മുഖത്തു പതിയുന്നു.
അതിനാൽ തന്നെ മുഖം വ്യക്തമല്ല.
എന്നാൽ പൂച്ചയുടേതുപോലെ തിളങ്ങുന്ന രണ്ട് കണ്ണുകൾ...
''ഉത്തരം പറയെടാ."
കറുത്ത വേഷത്തിന്റെ കൽപ്പന.
ഇത് പുരുഷനോ സ്ത്രീയോ? ശബ്ദത്തിൽ നിന്നുപോലും വ്യക്തമല്ല...
''ഞാൻ... ഞാനും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ."
പരുന്ത് സമ്മതിച്ചു.
''നീ അങ്ങനെ ചെയ്തതുകൊണ്ടല്ലേടാ ഒരു പാവം പയ്യനെ പോലീസുകാര് തല്ലിക്കൊന്നത് ? വടക്കേ കോവിലകത്തെ പാഞ്ചാലിക്ക് ജീവിതം നഷ്ടമായത്? വിവേകിന്റെ കുടുംബം ആശ്രയമില്ലാതെ വഴിയാധാരമായത്?"
''എല്ലാം സത്യമാണ്..." പരുന്തിന്റെ ശബ്ദം വിറച്ചു.
ഇവരിൽ നിന്നു രക്ഷപ്പെടണമെങ്കിൽ അനുസരിക്കുന്നതായി ഭാവിക്കുന്നതാണ് ബുദ്ധിയെന്ന് പരുന്തിന്റെ മനസ്സു മന്ത്രിച്ചു.
ഇവർക്കിടയിലൂടെയല്ലാതെ തനിക്ക് ഒരുവശത്തേക്കും ഓടി രക്ഷപ്പെടാൻ കഴിയില്ല...
താൻ നിൽക്കുന്നതിനു പിൻഭാഗം ഇരുപതടിയോളം താഴ്ചയിൽ പാറക്കൂട്ടങ്ങളാണ്.
എടുത്തുചാടിയാൽ കാൽ ഒടിയും.
ഇവർ പിടിച്ചുതള്ളിയാൽ നട്ടെല്ലും തലയോടും ചിതറിപ്പോകും.
''നിനക്കിനി വല്ലതും പറയാനുണ്ടോ?" അത് കറുത്ത വേഷത്തിന്റെ അവസാന ചോദ്യം പോലെ തോന്നി പരുന്തിന്.
''ഉണ്ട്." പരുന്തു പറഞ്ഞു.
''പറയൂ."
''ഒന്നും ഞങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തതല്ല. എം.എൽ.എ കിടാവുസാറും പിന്നെ ചന്ദ്രകല മേഡവും പ്രജീഷ് സാറും മറ്റും പറഞ്ഞിട്ടാ..."
''പറഞ്ഞതും ചെയ്യിച്ചതും ഒക്കെ ആരുമാകട്ടെ. എന്നാൽ ചെയ്തതു നീയാണ്. അതുതന്നെ വലിയ തെറ്റ്. അതിന്റെ ഫലം നീ അനുഭവിക്കുക തന്നെ വേണം."
കറുത്ത വേഷത്തിന്റെ ശബ്ദം മാറി.
''ഞാൻ... എന്നെ കൊല്ലരുത്..."
''അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് എന്തു പ്രയോജനം? വിവേകിനെയും പാഞ്ചാലിയെയും നീ തിരിച്ചു തരുമോ?"
''അതുപിന്നെ... മരിച്ചവരെ.."
''അപ്പോൾ മരിച്ചുകഴിഞ്ഞാൽ പിന്നെ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് നിനക്കറിയാം. എന്നിട്ടാണോ നീ ജീവിതം ആസ്വദിക്കാൻ കഴിയും മുമ്പ് വിവേകിനെയും പാഞ്ചാലിയെയും വധിക്കാൻ കൂട്ടുനിന്നത്?"
പരുന്തിന്റെ തല കുനിഞ്ഞു.
''നിന്റെ കൂട്ടുകാരനുണ്ടല്ലോ. അണലി? അവന് എന്തുപറ്റിയെന്ന് അറിയാമോ?
''ഇല്ല...."
പരുന്തിന്റെ തലച്ചോറിൽ ഞരമ്പുകൾ മുറുകി....
''കൊന്നതാ ഞങ്ങള്."
''ങ്‌ഹേ?"
പരുന്തിന്റെ ഹൃദയം ഷോക്കേറ്റതുപോലെ ഒന്നു പിടഞ്ഞു.
''അതെടാ. പുഴുത്തളിഞ്ഞ നിലയിൽ വടക്കേ കോവിലകത്തുനിന്നുകിട്ടിയത് അയാൾടെ ശരീരമാ..."
തന്റെ സപ്തനാഡികളും തളരുന്നത് പരുന്ത് അറിഞ്ഞു.
അണലി തനിക്കു മുമ്പേ പോയി!
''നീയും നരകത്തിൽ ചെല്ലുമ്പോൾ അവിടെ കാത്തുനിൽപ്പുണ്ടാവും അണലി."
കറുത്ത വേഷം പൊട്ടിച്ചിരിച്ചു. അതുകേട്ട് കൂടെനിന്നവരും.
ഏതോ പ്രേതലോകത്തിൽ എത്തിപ്പെട്ടുവെന്ന് പരുന്ത് അറിഞ്ഞു.
അതോ നരകത്തിലെ ദീനരോദനങ്ങളാണോ കാതിൽ പതിയുന്നത്.
(തുടരും)