മുംബയ്: പ്രായമായ അമ്മയെ മകനും കുടുംബവും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇളയ മകനും കുടുംബവും വീടൊഴിയണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അര്‍ഹിക്കുന്ന അന്തസും ബഹുമാനവും നല്‍കി മുതിര്‍ന്ന പൗരന്മാരെ മക്കള്‍ പരിചരിക്കണന്നും കോടതി വ്യക്തമാക്കി. ഇളയ മകന്റെയും ഭാര്യയുടെയും ശല്യത്തെതുടര്‍ന്നു പരാതിക്കാരി സീനിയര്‍ സിറ്റിസന്‍സ് മെയ്ന്റനന്‍സ് ട്രൈബ്യൂണലിനെയാണ് ആദ്യം സമീപിച്ചത്. ട്രൈബ്യൂണലിന്റെ വിധിയിൽ സ്വന്തം മകൻ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും, സഹോദരനുമായി നിരന്തരം തർക്കങ്ങളുണ്ടായെന്നും പറയുന്നു. തുടർന്ന് ട്രൈബ്യൂണല്‍ അമ്മയ്ക്ക് അനുകൂലമായി വിധിച്ചു. ഇതു ചോദ്യം ചെയ്തു മകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസുമാരായ എസ്.സി ധർമ്മാധികാരി റിയാസ് ചഗ്ലി എന്നിവരാണ് ഹർജിയിൽ ഉത്തരവിട്ടത്.
മക്കളുടെ സ്‌കൂള്‍ പഠനം മുടങ്ങാതിരിക്കാന്‍ രണ്ട് മാസത്തെ സാവകാശം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. മുതിര്‍ന്ന പൗരന്മാരുടെ അവകാശം സംരക്ഷിക്കാന്‍ 2007ല്‍ നിലവില്‍ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പ്രായമായ അമ്മയെ അവഗണിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നായിരുന്നു പരാതി.
പരാതിക്കാരിയുടെ ഭർത്താവ് വാങ്ങിയ ഫ്ലാറ്റിലാണു മൂത്ത മകനും ഇളയ മകന്റെ കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഭർത്താവ് മരിച്ചതിനെ തുടർന്ന് പരാതിക്കാരിയായ ഇവർ മക്കളുടെ സംരക്ഷണയിലാണു കഴിയുന്നത്. അതേസമയം, മൂത്ത സഹോദരന്റെയും, സഹോദരിയുടെയും നിർദേശ പ്രകാരമാണ് തന്നെ അമ്മ വീട്ടിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്നതെന്ന് ഇളയ മകൻ ആരോപിച്ചു.