കോഴിക്കോട് : കഴിഞ്ഞ വർഷം കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം പൊലീസ് താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫ് (47) ആദ്യഭർത്താവ് പൊന്നാമറ്റത്തെ റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ 1800 പേജുള്ള കുറ്റപത്രമാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ നൽകിയത്. വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലക്കിയാണ് റോയിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൂടത്തായി കൊലപാതക പരമ്പരയിൽ ആറു പേരെയാണ് ഭക്ഷണത്തിലും പാനീയത്തിലും മാരക വിഷമായ സയനൈഡ് കലർത്തി ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിൽ ജോളിയുടെ ആദ്യ ഭർത്താവായ റോയിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഈ കേസിൽ റോയിയുടെ ബന്ധുവായ എം.എസ്.മാത്യു, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസ്യത്തുണ്ടാക്കാൻ ജോളിയെ സഹായിച്ച മുൻ സിപിഎം നേതാവ് കെ.മനോജ് എന്നിവരാണ് മറ്റ് പ്രതികൾ. റോയ് തോമസിനെ കൊന്നതിൽ ശക്തമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
നിങ്ങൾ എന്നെ അറസ്റ്റ് ചെയ്തത് നന്നായി
ആറു പേരെ വിഷം നൽകി കൊലപ്പെടുത്തിയ ജോളി മറ്റ് മൂന്ന് പേരെകൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇതിനു മുൻപേ പൊലീസിന് കൊലപാതകിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയിൽ നിരവധി തവണ നിങ്ങൾ എന്നെ അറസ്റ്റ് ചെയ്തത് നന്നായെന്ന് ഉദ്യോഗസ്ഥരോട് പ്രതി പറഞ്ഞിരുന്നു. കൊലപാതകങ്ങൾക്കു പുറമേ വ്യാജയായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും കൃത്രിമമായി ജോളി നിർമ്മിച്ചെടുത്തിരുന്നു. പ്രീഡിഗ്രി വരെ വിദ്യാഭ്യാസമുണ്ടായിരുന്ന ജോളി ബികോം, എംകോം, നെറ്റ് തുടങ്ങിയ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചെടുക്കുകയായിരുന്നു.