ആലപ്പുഴ : ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2020നെ വരവേൽക്കാൻ ആലപ്പുഴ ബീച്ച് ഫെസ്റ്റിൽ ഒത്തുകൂടിയവരെ ഒരു സംഘം സാമൂഹ്യവിരുദ്ധർ ആക്രമിച്ചു. ബീച്ച് ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ചു ചലച്ചിത്ര പിന്നണി ഗായകൻ അഫ്സൽ അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണ് കൂട്ടതല്ലുണ്ടായത്. ഗാനമേള സംഘത്തിലെ ഗായിക പാടിയപ്പോഴാണ് പാട്ടിന് താളമിട്ട് ഒരു സംഘം സ്റ്റേജിലേക്ക് കയറി പരിപാടി അലങ്കോലമാക്കിയത്.
പുതുവത്സര രാവിൽ ആഘോഷത്തിമിർപ്പിലായ ബീച്ച് ഫെസ്റ്റിൽ പങ്കെടുക്കാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് എത്തിയത്. എന്നാൽ ഇത്രയും ജനക്കൂട്ടമുണ്ടായിട്ടും വളരെ കുറച്ച് പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് സുരക്ഷയൊരുക്കാനായി ഇവിടെ വിന്യസിച്ചിരുന്നത്.
ഗാനമേളയ്ക്കിടെ സ്റ്റേജിലേക്ക് ആൾക്കൂട്ടം നൃത്തവുമായി കയറിയതോടെ പരിപാടി തടസപ്പെടുകയായിരുന്നു. ഇതോടെ പൊലീസ് സ്റ്റേജിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. എന്നാൽ യുവാക്കളടങ്ങിയ മറ്റൊരു സംഘം കൂടി സ്റ്റേജിൽ കയറുകയും തമ്മിലടി തുടങ്ങുകയുമായിരുന്നു. ഗാനമേള നിർത്തി വച്ച് ഗായകൻ അഫ്സൽ രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും യുവാക്കൾ തമ്മിലടി തുടരുകയായിരുന്നു. സംഘർഷാവസ്ഥയ്ക്ക് അയവ് വരാത്തതിനെ തുടർന്ന് ഗാനമേള നിർത്തി വയ്ക്കുകയും ചെയ്തു. അതേ സമയം വിദേശികളടക്കമുള്ള സ്ത്രീകളും കുട്ടികളും ബീച്ച് ഫെസ്റ്റ് കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ചിതറിയോടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പുതുവർഷത്തെ വരവേൽക്കാനായി തയ്യാറാക്കിയിരുന്ന കരിമരുന്ന് പ്രയോഗമടക്കമുള്ള ആഘോഷ പരിപാടികൾ സംഘാടകർ ഉപേക്ഷിച്ചു.
ബീച്ച് ഫെസ്റ്റ് കുളമാക്കിയ സാമൂഹിക വിരുദ്ധരെ സി.സി.ടി.വി കാമറകളിലൂടെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. ഇവരെ പിടികൂടാനാണ് പൊലീസ് നീക്കം. ബീച്ച് ഫെസ്റ്റിന്റെ നടത്തിപ്പിൽ നഗരസഭയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്ന് തുടക്കം മുതൽ ആക്ഷേപമുണ്ടായിരുന്നു. മതിയായ സുരക്ഷ ഒരുക്കാതെയാണ് പുതുവത്സരാഘോഷം സംഘടിപ്പിച്ചതെന്നും പരാതിയുണ്ട്.