pinarayi-vijayan

ന്യൂഡൽഹി: പ്രവാസികൾക്കായി ഇന്നും നാളെയുമായി സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് നടത്തുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്നും അത് വെറും രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്നുവെന്നും വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രംഗത്ത്. സി.പി.എമ്മിന് പണം നൽകുന്നവരെ വിളിച്ചുവരുത്തിക്കൊണ്ട് വിരുന്ന് നൽകുന്ന പരിപാടിയാക്കി സർക്കാർ അതിനെ മാറ്റിയെന്നും മുരളീധരൻ വിമർശിക്കുന്നു.

ലോക കേരളസഭയിൽ പങ്കെടുത്തവരുടെ പശ്ചാത്തലം പോലും ആർക്കും അറിയില്ല. കേരള സർക്കാരിന്റെ സമീപനം പാർലമെന്ററി സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന തരത്തിലുള്ള സമീപനമാണ്. ലോക കേരളസഭയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ഒരു കൂടിയാലോചനകളും സംസ്ഥാന സർക്കാർ നടത്തിയിട്ടില്ല. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ഒരു സർക്കാർ ആയതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. പരിപാടി സംഘടിപ്പിക്കുന്നത് സംബന്ധിച്ച് തനിക്ക് സംസ്ഥാന സർക്കാരിൽ നിന്നും ഒരു കത്ത് ലഭിച്ചിരുന്നു, സ്പീക്കർ ഫോൺ വിളിക്കുകയും ചെയ്തു. അത്രമാത്രം. കേന്ദ്രമന്ത്രി പറയുന്നു.

കോൺഗ്രസിന് പല കാര്യങ്ങളിലും രണ്ട് നയങ്ങളുണ്ട്. ഞങ്ങൾക്ക് ഒരു നയം മാത്രമേയുള്ളൂ. സംസ്ഥാനങ്ങൾക്ക് നിയമം നിർമിക്കാനുള്ള അധികാരമില്ല. അങ്ങനെ നിയമം ഉണ്ടാക്കി കഴിഞ്ഞാൽ അതിന് രാഷ്ട്രപതിയുടെയോ ഗവർണറുടെയോ അനുവാദം വേണം. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള അധികാരം കേരള സർക്കാരിനുണ്ട്. എന്നാൽ പ്രമേയം പാസാക്കുന്നതിനായി 140 എം.എൽ.എമാരെ വിളിച്ചുവരുത്തി കേരളത്തിലെ ജനങ്ങളുടെ പണം ധൂർത്തടിക്കുന്നത് എങ്ങനെ ന്യായീകരിക്കുന്നു എന്നതാണ് എന്റെ ചോദ്യം. പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെക്കുറിച്ച് വി. മുരളീധരൻ പറഞ്ഞു.