ന്യൂഡൽഹി: സൈറസ് മിസ്ത്രിയെ എക്‌സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവന്ന നാഷണൽ കമ്പനി ലോ അപ്പലേറ്റ് അതോറിറ്റി ട്രിബ്യൂണൽ ഉത്തരവിനെതിരെ ടാറ്റ സൺസ് ഗ്രൂപ്പ് സുപ്രീം കോടതിയിൽ. വിഷയത്തിലുള്ള വാദം കോടതി അവധി കഴിഞ്ഞ് തുറക്കുന്ന ആറിന് കേൾക്കണമെന്ന് ടാറ്റ സൺസ് അപ്പീൽ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ ആറാമത്തെ എക്‌സിക്യുട്ടീവ് ചെയർമാനായിരുന്ന മിസ്ത്രിയെ 2016 ഒക്ടോബറിലാണ് സ്ഥാനത്തുനിന്നും പുറത്താക്കിയത്. ഇതിനെ തുടർന്ന് ഗ്രൂപ്പിന്റെ ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ സ്ഥാനമേറ്റെടുത്തിരുന്നു. അധികം വൈകാതെ എൻ. ചന്ദ്രശേഖരനെ എക്‌സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. ഈ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു ട്രിബ്യൂണൽ വിധിച്ചത്.
2012ലാണ് സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തെത്തുന്നത്.
സൈറസ് മിസ്‌ത്രിയെ ടാറ്റ സൺസിന്റെ എക്‌സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്ന് നവംബർ 19നാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാവകാശമായി ട്രിബ്യൂണൽ നാലാഴ്ചത്തെ സമയം ടാറ്റ സൺസിന് അനുവദിച്ചിരുന്നു. ടാറ്റ സൺസിന് വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയുടെ അഭ്യർത്ഥന ട്രിബ്യൂണൽ അംഗീകരിക്കുകയായിരുന്നു.
ബിസിനസ് രീതികളിൽ അനാവശ്യ മാറ്റങ്ങൾ മിസ്ത്രി വരുത്തിയതിനെ തുടർന്നാണ് രത്തൻ ടാറ്റായുമായി അസ്വാരസ്യങ്ങൾ ആരംഭിച്ചതും തുടർന്ന് ചെയർമാൻ സ്ഥാനത്തുനിന്നും മിസ്ത്രി പുറത്താകുന്നതും. ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ടാറ്റാ സൺസ് സൈറസ് മിസ്ത്രിയെ എക്‌സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയതെന്ന് സൈറസ് ഇൻവെസ്റ്റ്‌മെന്റ്‌സ് ജനുവരിയിൽ ട്രിബ്യൂണലിനെ ബോധിപ്പിച്ചിരുന്നു. മിസ്ത്രിയുടെ അച്ഛന്റെ കമ്പനിയായ ഷപൂർജി പല്ലോൺജി ഗ്രൂപ്പിന്റെ നിക്ഷേപ സ്ഥാപനമാണ് സൈറസ് ഇൻവെസ്റ്റ്മെന്റ്സ്.