mamtha-banerjee

കൊൽക്കത്ത: പ‍ശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കരുത്താർജിക്കവെ ബംഗാളിന്റെ റിപ്പബ്ലിക്ക് ദിന ടാബ്ലോ നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പാർലമെന്റിൽ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മമതയും കേന്ദ്രവും തമ്മിൽ ഇടഞ്ഞുനിൽക്കവെയാണ് പുതിയ നടപടി. ജനുവരി 26ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിന് അവതരിപ്പിക്കാനിരുന്ന ടാബ്ലോയാണ് കേന്ദ്രം നിരസിച്ചത്.

ബംഗാൾ സർക്കാരിന്റെ ടാബ്ലോ പ്രൊപ്പോസൽ രണ്ട് ഘട്ട യോഗങ്ങളിൽ വിദഗ്ദ സമിതി പരിശോധിച്ചിരുന്നു. എന്നാൽ അവസാനം ചേർന്ന യോഗത്തിൽ ബംഗാളിന്റെ ടാബ്ലോയ്ക്ക് സമിതി അനുമതി നിഷേധിക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട 16 സംസ്ഥാനങ്ങൾ,​ കേന്ദ്രഭരണ പ്രദേശങ്ങൾ,​ വിവിധ മന്ത്രാലയങ്ങൾ എന്നിവയിൽ നിന്നുമായി 22 പ്രോപ്പോസലുകളാണ് പരേഡിനായി ആഭ്യന്തരമന്ത്രാലയം ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നിന്നെല്ലാമായി 56 ടാബ്ളോകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ തന്നെ 32 എണ്ണം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയുമാണ്. വിഷയം, ആശയം, രൂപകൽപ്പന, വിഷ്വൽ ഇംപാക്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദഗ്ദ സമിതി തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

അതേസമയം,​ പഞ്ചിമബംഗാളിന്റെ ടാബ്ലോ നിരസിച്ചത് വിവേചനപരമായ തീരുമാനമാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയ് ദേശിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ബിൽ,​ എൻ.ആർ.സി എന്നിവ നടപ്പിലാക്കില്ലെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചതിനെ തുടർന്നാണ് ടാബ്ലോ നിരസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കല, സംഗീതം, മറ്റ് കാര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സാംസ്‌കാരിക പാരമ്പര്യമുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. എന്നാൽ സംസ്ഥാനത്തിനെതിരെ കേന്ദ്രസർക്കാർ സ്വീകരിച്ചത് വിവേചനപരമായ നടപടിയാണെന്ന് സൗഗത റോയ് കൂട്ടിച്ചേർത്തു.

സർക്കാരിനെ പുറത്താക്കിയാലും ബംഗാളിൽ പൗരത്വ നിയമ ഭേദഗതി ബിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ നടന്ന വൻ പ്രതിഷേധറാലിയിൽ പറഞ്ഞിരുന്നു. 'നിങ്ങൾക്ക് എന്റെ സർക്കാരിനെ പുറത്താക്കണമെങ്കിൽ ആവാം. പക്ഷേ ബംഗാളിൽ പൗരത്വ ബിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നായിരുന്നു' മമത പറഞ്ഞത്.