തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനായി ലോക കേരള സഭയിൽ നിറഞ്ഞത് ആശയങ്ങളുടെ പെരുമഴ. പ്രവാസി സർവകലാശാല, പ്രവാസി നിക്ഷേപ സംരക്ഷണ നിയമം, ആരോഗ്യ സംരക്ഷണ പദ്ധതികൾ, എല്ലാ പഞ്ചായത്തുകളിലും വിദേശമ ലയാളികളുടെ വികസനപദ്ധതികൾ എന്നിങ്ങനെ ഒട്ടനവധി നിർദേശങ്ങൾ രണ്ടാം ലോകകേരള സഭയിൽ ഉന്നയിക്കപ്പെട്ടു.
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസമൊരുക്കാൻ കൂടുതൽ വ്യവസായങ്ങൾ വേണമെന്നും എന്നാൽ, അതിന് ചില ഉദ്യോഗസ്ഥർ വിലങ്ങുതടിയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തുറന്നടിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടിയെടുക്കുമ്പോൾ താഴേത്തട്ടിലുള്ളവർ ഉടക്കിടും. അമേരിക്കയിൽ നിന്നുപോലും ഇത്തരം പരാതികളുണ്ടായി.
കേരളത്തിൽ വൻനിക്ഷേപത്തിന് അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിട്ടി സന്നദ്ധരാണ്. പ്രവാസികളുടെ നിക്ഷേപം സംരക്ഷിക്കാൻ നിയമം വേണം. മരടിലെ ഫ്ലാറ്റ് പൊളിക്കൽ വേദനാജനകമാണ്. ലുലുവിലെ രണ്ട് ജീവനക്കാർക്കും ഫ്ലാറ്റ് നഷ്ടമായി. പ്രവാസികളുടെ കാര്യത്തിൽ എല്ലാവരും യോജിക്കണമെന്നും യൂസഫലി പറഞ്ഞു.
ആഗോള തൊഴിൽമേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിലെ വിദ്യാഭ്യാസവും മാറണമെന്ന് ആർ.പി. ഗ്രൂപ്പ് ചെയർമാൻ ഡോ. രവിപിള്ള പറഞ്ഞു. 2030ഓടെ ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ അടക്കം ഏഴ് രാജ്യങ്ങൾ തൊഴിലാളികൾക്കായി ഇന്ത്യയെയാവും ആശ്രയിക്കുക. വിദേശഭാഷകൾ പഠിച്ചാൽ യുവാക്കൾക്ക് മികച്ച ശമ്പളമുള്ള ജോലി നേടാം. ഇതിന് സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുകളിൽ വികസന പദ്ധതികൾക്കായി എൻ.ആർ.ഐ സഹകരണസംഘങ്ങൾ തുടങ്ങണമെന്ന് ആസ്‌റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി കണ്ണൂർ വിമാനത്താവളത്തോട് ചേർന്നുള്ള സ്ഥലത്ത് പ്രവാസി സർവകലാശാല തുടങ്ങണം. രോഗികളായി മടങ്ങിയെത്തുന്നവരുടെ പരിരക്ഷയ്ക്ക് ഇൻഷ്വറൻസ് സ്‌കീം വേണം. വിദേശത്തായിരിക്കുമ്പോൾ ഇൻഷ്വറൻസിൽ പണമടയ്ക്കാൻ സൗകര്യമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി നിക്ഷേപകരുടെയും വ്യവസായികളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കാൻ പരിശീലനം നൽകണമെന്ന് ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയി നിർദേശിച്ചു. കാൻസറിന് കടിഞ്ഞാണിടാൻ സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തി പ്രതിരോധ സംവിധാന ഒരുക്കണമെന്ന് ഡോ.എം.വി. പിള്ള പറഞ്ഞു. തിരുവനന്തപുരത്തെ വൈറോളജി ഇൻസിറ്റിറ്റ്യൂട്ട് വളരണം. കാൻസർ പ്രതിരോധത്തിന് ലോകാരോഗ്യസംഘടനയും അമേരിക്കൻ കാൻസർ സെന്ററും സഹായംനൽകും. കേരളത്തിൽ നിന്ന് മികച്ചഗവേഷകരെ വാർത്തെടുക്കാൻ ജപ്പാൻ സർവകലാശാല എല്ലാവർഷവും രണ്ട് കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ സന്നദ്ധതയറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കായി നാട്ടിൽ പ്രത്യേക ആരോഗ്യസംരക്ഷണ പദ്ധതിയൊരുക്കണമെന്ന് ഗൾഫിലെ സന്നദ്ധപ്രവർത്തകൻ അഷ്‌റഫ് താമരശേരി ആവശ്യപ്പെട്ടു. യുവാക്കളടക്കം 350പേരാണ് കഴിഞ്ഞവർഷം യു.എ.ഇയിൽ മരിച്ചത്. ജന്മനാടായ കൊല്ലം അഞ്ചലിൽ ആരോഗ്യസംരക്ഷണ പദ്ധതി നടപ്പാക്കാൻ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സർക്കാരിന്റെ അനുമതിതേടി. ദേഹത്ത് ധരിക്കുന്ന ഉപകരണത്തിലൂടെ പ്രവാസികൾക്ക് നാട്ടിലുള്ള മാതാപിതാക്കളുടെ ആരോഗ്യം നിരീക്ഷിക്കാനാവുന്ന പദ്ധതിയുടെ രേഖ അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. ഇതിനുള്ള മുഴുവൻ ചെലവും സാങ്കേതികസഹായവും വഹിക്കാമെന്നും പൂക്കുട്ടി പറഞ്ഞു.
പ്രമുഖർ മുന്നോട്ടുവച്ച
പ്രധാന ആശയങ്ങൾ
എം.എ. യൂസഫലി
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനായി കൂടുതൽ വ്യവസായ പദ്ധതികൾ
പ്രവാസി നിക്ഷേപം സംരക്ഷിക്കാൻ നിയമം
ഡോ. രവി പിള്ള
ആഗോള തൊഴിലുകൾക്ക് അനുസൃതമായി കേരളത്തിലെ വിദ്യാഭ്യാസം മാറണം
വിദേശ ഭാഷകൾ പഠിച്ചാൽ യുവാക്കൾക്ക് മികച്ച ജോലി നേടാനാകും
ഇതിന് സർക്കാർ മുൻകൈ എടുക്കണം
ഡോ. ആസാദ് മൂപ്പൻ
കണ്ണൂർ വിമാനത്താവളത്തോട് ചേർന്ന് പ്രവാസി സർവകലാശാല വേണം
പ്രവാസികൾക്ക് പ്രത്യേക ഇൻഷ്വറൻസ് പദ്ധതി