maharasthra-

മുംബയ്:മഹാരാഷ്‌ട്രയിൽ 36 മന്ത്രിമാരെ ഉൾപ്പെടുത്തി ഉദ്ധവ് താക്കറെ മന്ത്രിസഭ വികസിപ്പിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രധാന വകുപ്പുകളെ ചൊല്ലി സഖ്യകക്ഷികളായ ശിവസേനയും കോൺഗ്രസും എൻ. സി. പിയും തമ്മിലുള്ള തർക്കം തീരുന്നില്ല. ത്രികക്ഷി സഖ്യമായ മഹാ വികാസ് അഘാഡിയിൽ വകുപ്പ് വിഭജനം കീറാമുട്ടിയായിട്ടുണ്ടെന്നും മന്ത്രിസഭാ വികസനത്തിൽ ഉൾപ്പെടുത്താത്ത മൂന്ന് പാർട്ടിയിലെയും നേതാക്കളുടെ അതൃപ്തി പുകയുകയാണെന്നും ശിവസേന മുഖപത്രമായ സാമ്‌ന ഇന്നലെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ സമ്മതിച്ചു.

എഡിറ്റോറിയലിൽ കോൺഗ്രസിനെ ശക്തമായി വിമർശിച്ചിട്ടുമുണ്ട്. സീനിയർ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാനും പി. സി. സി പ്രസിഡന്റ് ബാലാസാഹെബ് തൊറാട്ടും തമ്മിൽ റവന്യൂ വകുപ്പിനെ ചൊല്ലി തർക്കമുണ്ടെന്നും എഡിറ്റോറിയലിൽ പറയുന്നു. അശോക് ചവാൻ മന്ത്രിസഭയിൽ ഉണ്ട്. അദ്ദേഹത്തിന് മാന്യമായ വകുപ്പ് നൽകണം. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് കണക്കാക്കിയാൽ റവന്യൂ ആണ് പറ്റിയ വകുപ്പ്. ആ വകുപ്പ് ഇപ്പോൾ ബാലാസാഹെബ് തൊറാട്ട് ആണ് വഹിക്കുന്നത്. അവരുടെ തീരുമാനം കാത്തിരിക്കയാണ്.

മന്ത്രിസ്ഥാനം കിട്ടാത്ത കോൺഗ്രസ് നേതാവ് സംഗ്രാം തോപ്ഡെയുടെ അനുയായികൾ പൂനെയിലെ കോൺഗസ് ഓഫീസ് അടിച്ചു തകർക്കുകയും അക്രമം അഴിച്ചു വിട്ടതും കോൺഗ്രസ് സംസ്‌കാരത്തിന് ചേരുന്നതല്ലെന്നും എഡിറ്റോറിയലിൽ വിമർശിച്ചു.

അതേസമയം, എൻ. സി. പിയെ കാലുവാരി ബി. ജെ. പി പക്ഷത്തേക്ക് പോവുകയും പിന്നീട് തിരിച്ചു വരികയും ചെയ്‌ത അജിത് പവാറിന് ഉപമുഖ്യമന്ത്രി പദത്തോടൊപ്പം സുപ്രധാനമായ ധനകാര്യ, ആസൂത്രണ വകുപ്പുകൾ ലഭിക്കുമെന്ന് സൂചനയുണ്ട്. കോൺഗ്രസ് നേതാവ് അശോക് ചവാന് പൊതുമരാമത്ത് വകുപ്പ് നൽകിയേക്കും.