കൊച്ചി : പുതുവർഷത്തിന് സമൂഹ മാദ്ധ്യമങ്ങൾ വഴിയും, നേരിട്ടും ഹാപ്പി ന്യൂ ഇയർ നേരാത്തവർ വിരളമായിരിക്കും. അപരിചിതർക്കുപോലും പുതുവർഷ ആശംസ നൽകാൻ ഒരു മടിയും കാട്ടാറുമില്ല. എന്നാൽ കൊച്ചിയിൽ സഹപാഠിയ്ക്ക് ആശംസ അർപ്പിച്ചതിന് സ്വന്തം വീട് തകർന്ന അനുഭവമാണ് എളംകുളം സ്വദേശി ദിലീപിനുണ്ടായത്. ഇരുപതോളം പേർ കൂട്ടമായെത്തിയാണ് ദിലീപിന്റെ വീട്ടിലെ സകല സാധന സാമഗ്രികളും തകർത്ത് തരിപ്പണമാക്കിയത്. അക്രമം നടക്കുമ്പോൾ ദിലീപിന്റെ മാതാപിതാക്കൾ കുമളിയിൽ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. കൊച്ചിയിലെ പുതുവർഷരാവിലെ ആഘോഷങ്ങൾ കാണാനായി കൂട്ടുകാർക്കൊപ്പം പോയി വീട്ടിൽ ദിലീപ് മടങ്ങിയെത്തി, ഈ സമയം സുഹൃത്തായ കിരണനും ദിലീപിന്റെ വീട്ടിലേക്ക് വന്നു, വരും വഴി സുഹൃത്തായ എബിയെ കാണുകയും ഹാപ്പി ന്യൂ ഇയർ ആശംസിക്കുകയുമായിരുന്നു. എന്നാൽ ആശംസ കേട്ടപാടെ എബി കിരണിനെ മുഖമടച്ച് അടിക്കുകയായിരുന്നു.
അടികൊണ്ട് രക്തമൊലിപ്പിച്ചാണ് കിരൺ ദിലീപിന്റെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് ഇയാളെയും കൂട്ടി ദിലീപ് എബിയോട് കാര്യം ചോദിക്കുവാൻ പോയതാണ് തുടർന്ന് സംഘർഷത്തിന് കാരണമായത്. ഇരുപതോളം പേരെ കൂട്ടി ദിലീപിന്റെ വീട്ടിലെത്തിയ എബിയും സംഘവും വാതിൽ വെട്ടിപ്പൊളിച്ച് അകത്ത് കയറി കണ്ണിൽ കണ്ടതെല്ലാം എറിഞ്ഞുടയ്ക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.