തുമാകുരു:പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന കോൺഗ്രസും സഖ്യകക്ഷികളും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന പാകിസ്ഥാനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കർണാടകത്തിലെ തുമുകുരുവിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാൻ മതത്തിന്റെ അടിസ്ഥാനത്തിലാണ് രൂപം കൊണ്ടത്. അതിനാലാണ് അവിടെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിക്ക്, ക്രിസ്‌ത്യൻ, ജെയിൻ മതവിഭാഗങ്ങൾ പീഡിപ്പിക്കപ്പെടുന്നത്.പക്ഷേ കോൺഗ്രസും സഖ്യകക്ഷികളും പാകിസ്ഥാനെതിരെ മിണ്ടുന്നില്ല. അവിടെ പീഡിപ്പിക്കപ്പെടുന്നവർക്ക് ഇന്ത്യയിൽ ആനുകൂല്യങ്ങൾ നൽകുന്നത് അവർക്ക് ഇഷ്‌ടപ്പെടുന്നില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ പാകിസ്ഥാനെതിരെയാണ് പ്രതിഷേധിക്കേണ്ടത്.അവിടത്തെ മതപീഡനങ്ങൾക്കും സ്‌ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കും എതിരെയാണ് പ്രതിഷേധിക്കേണ്ടത്. പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്ന ഹിന്ദുക്കളെയും ക്രിസ്‌ത്യാനികളെയും സിക്ക്‌കാരെയും അവരുടെ വിധിയെന്ന് പറഞ്ഞ് കൈയൊഴിയാൻ കഴിയില്ല. അവരെ സംരക്ഷിക്കാൻ രാജ്യത്തിന് ബാദ്ധ്യതയുണ്ടെന്നും മോദി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ ശക്തമായി ന്യായീകരിച്ച അദ്ദേഹം ആ നിയമം പാർലമെന്റ് പാസാക്കിയത് ചരിത്ര തീരുമാനമാണെന്നും പറഞ്ഞു.