ഒരു കാലത്ത് തലസ്ഥാനത്തിന്റെ നട്ടെല്ലായിരുന്നു കിള്ളിയാർ. 22 കിലോമീറ്റർ നീളമുള്ള ഈ നദി തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നുമാണ് ആരംഭിക്കുന്നത്. എന്നാൽ ഇന്ന് കിള്ളിയാറിനുണ്ടായ അവസ്ഥ കാണേണ്ടതാണ്. കൈയ്യേറ്റങ്ങളാണ് ഈ നദിയുടെ ചരമഗീതം രചിക്കുന്നത്. നഗരത്തിന്റെ മാലിന്യം തള്ളുവാനുള്ള ഒരിടമായി ഈ നദി മാറുകയാണ്. തലസ്ഥാനത്ത് പൈപ്പിൻമൂട്ടിലെത്തുമ്പോൾ കിള്ളിയാർ ഒഴുക്ക് നിലച്ച മട്ടാണ്. കിള്ളിയാർ സംരക്ഷണത്തിനായി ലക്ഷങ്ങൾ ചിലവഴിച്ച് ശുചീകരണം നടത്തിയവർ പോലും പൈപ്പിൻമൂട്ടിലെ കൈയ്യേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്.

ഗ്രാമപ്രദേശങ്ങളിലൂടെ ഒഴുകി തുടങ്ങുന്ന കിള്ളിയാർ അവിടെ പഴയ പ്രതാപത്തോടെയാണിപ്പോഴും ഒഴുകുന്നത്. എന്നാൽ നഗരപരിധിയിലെത്തുന്നതോടെയാണ് കിള്ളിയാർ മാലിന്യ വാഹിനിയായി മാറുന്നത്. കിള്ളിയാറിന് സമീപത്തെ ഫ്ളാറ്റുകളിൽ നിന്നും മാലിന്യക്കുഴലുകൾ ആറ്റിലേക്ക് തുറന്ന് വിട്ടിരിക്കുന്ന കാഴ്ച കാണാനാവും. വീതിയും ആഴവും കുറഞ്ഞ് ചെറു മഴ പെയ്താൽ തന്നെ വെള്ളപ്പൊക്കമുണ്ടാവുന്ന അവസ്ഥയിലേക്ക് കിള്ളിയാർ എത്തിയിരിക്കുകയാണ്. കിള്ളിയാറിന്റെ ഇന്നത്തെ അവസ്ഥയുടെ നേർക്കാഴ്ച അന്വേഷിച്ചിറങ്ങുകയാണ് കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന നേർക്കണ്ണ്.

killiyaar-