തായ്‌പെയി: ഹെലികോപ്ടർ തകർന്ന് വീണ് തായ്‌വാൻ സൈനിക മേധാവിയടക്കം എട്ട് പേർ മരിച്ചു. ഇന്നലെ രാവിലെയാണ് ദ്വീപിന്റെ വടക്കൻ ഭാഗത്തുള്ള പർവത പ്രദേശത്ത് ഇവർ സഞ്ചരിച്ചിരുന്ന UH-60M ബ്ലാക്ക് ഹോക്ക് ഹെലികോപ്ടർ തകർന്നതെന്ന് അധികൃതർ അറിയിച്ചു.
തായ്‌വാൻ സൈനിക മേധാവിയായ ജനറൽ ഷെൻ യി മിങ് (62) ഏഴ് സൈനിക ഉദ്യോഗസ്ഥരും മരിച്ചതായി ഉച്ചയോടെയാണ് തായ്‌വാൻ വ്യോമസേന കമാൻഡർ സ്ഥിരീകരിച്ചത്.
13 പേരുമായി പോയ ഹെലികോപ്റ്റർ സാങ്കേതിക തകരാർ കാരണം അടിയന്തരമായി നിലത്തിറക്കേണ്ടി വരികയായിരുന്നു. ലാൻഡിംഗിനിടെയാണ് ഹെലികോപ്റ്റർ തകർന്ന് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിൽപ്പെട്ട 5പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
സഹപ്രവർത്തകർക്കൊപ്പം വടക്കുകിഴക്കൻ പ്രവിശ്യയിലെ യിലാനിലെ സൈനിക ക്യാമ്പുകൾ സന്ദർശിക്കാൻ പോയതായിരുന്നു ഷെൻ. ചാന്ദ്ര പുതുവർഷത്തിന്റെ മുന്നോടിയായുള്ള പരിശോധനകൾക്കായിരുന്നു സൈനിക സംഘത്തിന്റെ സന്ദർശനം. ചീഫ് ഒഫ് ജനറൽ സ്റ്റാഫ് ഷെൻ യി മിങും ഏഴ് സൈനിക ഉദ്യോഗസ്ഥരും മരിച്ച വിവരം ഉച്ചയോടെയാണ് തായ്‌വാൻ വ്യോമസേന കമാൻഡർ സ്ഥിരീകരിച്ചത്. ജനുവരി 11ന് തായ്‌വാനിൽ പാർലമെന്റ്, പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് അപകടം.