ഭൂപരിഷ്കരണത്തിന്റെ അമ്പതാം വാർഷികത്തിൽ ആ നിയമം ഒരു രാഷ്ട്രീയ പാർട്ടിയുടേതാക്കി മാറ്റാനുള്ള നീക്കം ചരിത്രത്തോടുള്ള നീതികേടാണ്. കേരളപ്പിറവിക്ക് മുമ്പുതന്നെ ഭൂപരിഷ്കരണത്തിനുവേണ്ടി ആദ്യം ശബ്ദമുയർത്തുകയും അതിനായി നടപടികൾ സ്വീകരിക്കുകയും ചെയ്ത ദേശീയ പ്രസ്ഥാനമായ കോൺഗ്രസിനെയും, 1963ൽ ഭൂപരിഷക്കരണ നിയമം കൊണ്ടുവന്ന ആർ. ശങ്കറിനെയും പി.ടി. ചാക്കോയെയും ഒടുവിൽ നിയമം നടപ്പാക്കിയ കോൺഗ്രസ് പിന്തുണയുള്ള സർക്കാരിന്റെ മുഖ്യമന്ത്രിയായ സി. അച്ചുതമേനോനെയും തമസ്കരിക്കാൻ ശ്രമിക്കുന്നത് ശരിയല്ല.
1970 ജനുവരി ഒന്നിന് നിലവിൽ വന്ന ഭൂപരിഷ്കരണ നിയമം കേരളീയ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയത്. ലക്ഷക്കണക്കിന് പാട്ടകൃഷിക്കാർക്കും കുടികിടപ്പുകാർക്കും ഭൂമിയുടെ ഉടമാവകാശം നൽകിയത് വിപ്ലവകരമായ ഈ നിയമമാണ്. കൃഷിക്കാരന് താങ്ങാൻ കഴിയാത്ത പാട്ട വ്യവസ്ഥയ്ക്കും ജന്മിമാരുടെ പീഡനങ്ങൾക്കും ഒരളവുവരെ അറുതിവരുത്താൻ ഈ നിയമത്തിന് കഴിഞ്ഞു.
കൃഷിക്കാരുടെ മോചനത്തിനു വേണ്ടി നിരവധി സമരങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും കർഷക സംഘടനകളുടെയും നേതൃത്വത്തിൽ കേരളത്തിൽ നടന്നിട്ടുണ്ട്. എന്നാൽ ആദ്യമായി കാർഷിക പ്രശ്നം ഉയർത്തി പാട്ടകൃഷിക്കാർക്കുവേണ്ടി പ്രമേയം പാസാക്കിയത് കോൺഗ്രസാണ്. 1920 ൽ മഞ്ചേരിയിൽ ചേർന്ന നാലാം മലബാർകോൺഗ്രസ് സമ്മേളനമാണ് ഭീമമായ പാട്ടവ്യവസ്ഥക്കെതിരെയും കുഴിക്കൂറുകൾ കുടിയാന് എടുക്കാനുള്ള അവകാശത്തിനും വേണ്ടി പ്രമേയം പാസാക്കിയത്. ഈ പ്രമേയത്തെ ചൊല്ലി ചേരിതിരിവ് വരെ സമ്മേളനത്തിലുണ്ടായിരുന്നു. ആനി ബസന്റും ഏതാനും ജന്മിമാരും പ്രമേയം പാസാക്കിയ ഉടനെ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എന്നാൽ സമ്മേളന പ്രതിനിധികളിൽ ബഹുഭൂരിപക്ഷവും പ്രമേയത്തെ അനുകൂലിച്ചു.
1931ൽ കറാച്ചി കോൺഗ്രസ് സമ്മേളനം കൃഷിക്കാരുടെ സംരക്ഷണത്തിനും പാട്ടം ഗണ്യമായി കുറയ്ക്കുന്നതിനും മറ്റുമായി പ്രമേയം പാസാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ മലബാറിന്റെ പലഭാഗത്തും ജന്മിമാരുടെ ചൂഷണങ്ങൾക്ക് എതിരായി കർഷക സംഘടനകൾ മുന്നോട്ട് വന്ന് തുടങ്ങി. മലബാർ ഉൾക്കൊള്ളുന്ന മദിരാശി സംസ്ഥാനത്ത് കോൺഗ്രസ് ഗവൺമെന്റ് മര്യാദപാട്ടം നിശ്ചയിക്കാനും കുടിയൊഴിപ്പിക്കൽ തടയുന്നതിനും മറ്റും വേണ്ടി മലബാർ കുടിയായ്മ നിയമം പാസാക്കി നടപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പാട്ടക്കോടതികൾ മലബാറിലെ എല്ലാ താലൂക്കുകളിലും നിലവിൽ വന്നു. ഇതുമൂലം നിരവധി കൃഷിക്കാർക്ക് മര്യാദപാട്ടം നിജപ്പെടുത്തി തഹസിൽദാർമാരുടെ വിധികൾ വന്നു. ഇതോടെ ചില സംരക്ഷണങ്ങളെല്ലാം കൃഷിക്കാർക്ക് ലഭിച്ച് തുടങ്ങിയെങ്കിലും ജന്മിമാരുടെ പീഡനങ്ങളിൽ നിന്നും പൂർണമായി മോചനമുണ്ടായില്ല. ഇതിനു സമാനമായി 1954ൽ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരു.കൊച്ചിയിലെ ഗവൺമെന്റും കാർഷിക പരിഷ്ക്കരണത്തിനു വേണ്ടിയുള്ള ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
1957ൽ അധികാരത്തിൽ വന്ന ഇ.എം.എസ് ഗവൺമെന്റിൽ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ.ആർ . ഗൗരിയമ്മ കാർഷികബന്ധ നിയമം (അഗ്രേറിയൻ റിലേഷൻസ് ബിൽ) എന്നപേരിൽ ഒരു നിയമം പാസാക്കിയെങ്കിലും ഈ നിയമം നടപ്പാക്കാൻ കഴിഞ്ഞില്ല.
എന്നാൽ 1963ലെ ആർ. ശങ്കറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റാണ് ഭൂപരിഷ്കരണ നിയമം (ലാന്റ് റിഫോംസ് ആക്ട് ) എന്ന പേരിൽ നിയമം കൊണ്ടുവന്ന് പാസാക്കിയത്. ഈ നിയം കൊണ്ടുവന്നത് അന്നത്തെ റവന്യൂ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പി.ടി . ചാക്കോയായിരുന്നു. 1964 ജനുവരിയിൽ നിയമം പാസായി.
നിയമത്തിന് ഭരണഘടനയുടെ പരിരക്ഷലഭിക്കാൻ വേണ്ടി നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ 39-ാം നമ്പറായി പാർലമെന്റ് ഉൾപ്പെടുത്തി. ആർ. ശങ്കറിന്റെ കാലത്ത് കോൺഗ്രസിന്റെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് കേരള ലാന്റ് റിഫോംസ് ആക്ട് 1963 (കേരള ആക്ട് ഓഫ് 1964) ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയത്. നിയമം പാസാക്കി ഏതാനും മാസങ്ങൾക്കകം അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ കഴിയാതെ ആർ. ശങ്കർ സർക്കാരിന് രാജിവച്ചൊഴിയേണ്ടി വന്നു. തുടർന്ന് 1967ൽ വന്ന ഇ.എം.എസ് .നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ചിലഭേദഗതികൾ വരുത്താനല്ലാതെ നിയമം നടപ്പാക്കാൻ സാധിച്ചില്ല. പിന്നീട് ഈ നിയമം നടപ്പാക്കിയത് 1970 ജനുവരി ഒന്നിന് സി.അച്ചുതമേനോൻ മുഖ്യമന്ത്രിയായ കോൺഗ്രസ് പിന്തുണയുള്ള സർക്കാരാണ്. അച്ചുതമേനോൻ സർക്കാരിന്റെ അതിവിപ്ലവകരമായ നടപടിയായിരുന്നു ഭൂപരിഷ്കരണ നിയമം നടപ്പാക്കൽ. ലക്ഷക്കണക്കിനായ പാവപ്പെട്ട പാട്ടകൃഷിക്കാരും കുടികിടപ്പുകാരും നിയമത്തിന്റെ ഗുണഭോക്താക്കളായി. അച്ചുതമേനോനെ വഞ്ചക മുഖ്യൻ എന്നു വിളിച്ച് മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനത്തുടനീളം സമരം നടത്തുമ്പോഴും അച്ചുതമേനോൻ ഈ നിയം നടപ്പാക്കാൻ കാണിച്ച താത്പര്യം ഒരിക്കലും കേരളീയർക്ക് മറക്കാൻ കഴിയില്ല.
കേരളത്തിലെ ഭൂപരിഷ്കരണത്തിൽ തുടക്കം മുതൽ നിർണായക പങ്ക് വഹിച്ച കോൺഗ്രസിനെയും 1963ൽ ആർ. ശങ്കറും പി.ടി. ചാക്കോയും കൊണ്ട് വന്ന് പാസാക്കിയ നിയമത്തെ 1970 ൽ നടപ്പാക്കിയ അച്ചുതമേനോനെയും സി.പി.ഐയുടെയും പങ്കാളിത്തം മറച്ചുവയ്ക്കാൻ ചരിത്രത്തിന് കഴിയില്ല .
( മുൻമന്ത്രിയാണ് ലേഖകൻ )