cpi

കൊല്ലം: കിടപ്പുരോഗികളുടെ ക്ഷേമ പെൻഷനിൽ നിന്ന് സി.പി.ഐ കൈയിട്ടുവാരിയെന്ന് ആരോപണം. കൊല്ലത്ത് അഞ്ചലിലാണ് സംഭവം. 25ഓളം വരുന്ന കിടപ്പുരോഗികളിൽ നിന്ന് 100 രൂപ വീതം പാർട്ടി ഫണ്ടിലേക്ക് പിരിച്ചെന്നാണ് ആരോപണം. സംഭവത്തിൽ വൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുയരുന്നത്.

അഞ്ചൽ പഞ്ചായത്തിലെ പത്താം വാർഡിലെ 25 ഓളം കിടപ്പുരോഗികളിൽ നിന്നാണ് സി.പി.ഐ നിർബന്ധിത പണപ്പിരിവ് നടത്തിയത്. പാർട്ടി പ്രവർത്തന ഫണ്ടിലേക്ക് എന്ന് പറഞ്ഞാണ് 100 രൂപ പിടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പക്ഷാഘാതം വന്ന് അഞ്ച് വർഷമായി കിടപ്പിലായ അഞ്ചൽ സ്വദേശിനിയുടെ ബന്ധുവാണ് ആദ്യം പരാതി ഉന്നയിച്ചത്. സി.പി.ഐ പ്രവർത്തന ഫണ്ടിന്റെ രസീതും ഇവർക്ക് നൽകിയിട്ടുണ്ട്.

കിടപ്പുരോഗികൾക്ക് വീടുകളിൽ ക്ഷേമപെൻഷൻ എത്തിക്കണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, പത്താംവാർഡിലെ കിടപ്പുരോഗികളോ, ബന്ധുക്കളോ അടുത്തുള്ള അംഗൻവാടിയിൽ എത്തി പണം കൈപ്പറ്റാനാണ് പഞ്ചായത്ത് അംഗം നിർദേശിച്ചത്. ഇത്തരത്തിൽ പണം വാങ്ങാൻ എത്തിയവർക്കാണ്, പെൻഷനിൽ നിന്നും 100 രൂപ എടുത്തശേഷം ബാക്കി തുക കൊടുത്തത്. പാർട്ടി പ്രവർത്തന ഫണ്ടിലേക്ക് 100 രൂപ എടുത്തതിന്റെ രസീതും ഇവർക്ക് നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.