ന്യൂഡൽഹി: കക്ഷിഭേദമില്ലാതെ എല്ലാ രാഷ്‌ട്രീയക്കാരുടെയും ഹൃദയം കവർന്ന, എൻ.സി.പി ജനറൽ സെക്രട്ടറിയും സ്ഥാപക നേതാക്കളിലൊരാളുമായ ഡോ. ദേവി പ്രസാദ് ത്രിപാഠി (67) അന്തരിച്ചു. അർബുദം ബാധിച്ച് മൂന്നു വർഷമായി ചികിത്സയിലായിരുന്നു. 2012 മുതൽ 2018 വരെ രാജ്യസഭാംഗമായിരുന്നു.
'ഡി.പി. ടി' എന്ന ചുരുക്കപ്പേരിൽ വിളിച്ചിരുന്ന അദ്ദേഹം മികച്ച പോരാളിയും പ്രാസംഗികനുമായിരുന്നു.
ഉത്തർപ്രദേശിലെ സുൽത്താൻപൂരാണ് ജന്മദേശം.
ജെ.എൻ.യുവിൽ 1970ൽ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് ജെ. എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരിക്കെ അറസ്റ്റിലായി തീഹാർ ജയിലിലടയ്ക്കപ്പെട്ടു. ജയിൽ വാസകാലത്ത് അടൽബിഹാരി വാജ്പേയി, ജോർജ് ഫെർണാണ്ടസ്, അരുൺ ജയ്‌റ്റ്‌ലി തുടങ്ങിയ നേതാക്കളുമായി ഊഷ്‌മള ബന്ധം സ്ഥാപിച്ചു.
അടിയന്തരാവസ്ഥയ്‌ക്ക് ശേഷം സി.പി.എമ്മുമായി അകന്ന ദേവി പ്രസാദ് ത്രിപാഠി 1980ൽ കോൺഗ്രസിലെത്തി. 1983 മുതൽ രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവായി. 1991ൽ രാജീവ് വധിക്കപ്പെടുന്നതു വരെ ആ പദവിയിൽ തുടർന്നു.
സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായതോടെ പാർട്ടി വിട്ടു. 1999ൽ ശരദ് പവാറിനും പി. എ. സംഗ്‌മയ്‌ക്കും ഒപ്പം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി രൂപീകരിച്ചു. എൻ.സി.പിയുടെ മുഖ്യവക്താവും, ജനറൽ സെക്രട്ടറിയുമായി.
ഭാര്യയും മൂന്നു മക്കളുമുണ്ട്.
പ്രതിഷേധങ്ങളുടെയും വിയോജിപ്പുകളുടെയും ആശയങ്ങളോട് പ്രതിജ്ഞാബദ്ധനായിരുന്നു. ബി.ജെ.പിയുടെ തീവ്ര വലതുപക്ഷ, ഹിന്ദുത്വ ആശയങ്ങളോട് നിരന്തരം കലഹിച്ചു.അപ്പോഴും രാഷ്ട്രീയക്കാരുമായും വ്യക്തിബന്ധം സൂക്ഷിച്ചു.
ത്രിപാഠിയുടെ നിര്യാണത്തിൽ രാഷ്ട്രീയ നേതാക്കൾ അനുശോചിച്ചു. തങ്ങൾക്ക് വഴിക്കാട്ടിയും ഉപദേശകനുമായിരുന്നു ത്രിപാഠിയെന്ന് എൻ. സി. പി നേതാവ് സുപ്രിയ സുലെ ട്വിറ്ററിൽ കുറിച്ചു.
1973 ൽ ജെ.എൻ.യുവിൽ ചേർന്ന കാലം മുതൽ തങ്ങൾ ഒരുമിച്ചായിരുന്നുവെന്ന് കേന്ദ്രമന്ത്രി എസ്. ജയശങ്കർ പറഞ്ഞു.